ആഗോള പ്രതിസന്ധികള്‍ക്കിടയിലും കുതിപ്പ് ഇന്ത്യ 6.9% വളര്‍ച്ച നേടുമെന്ന് ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ട്

ഭൗമരാഷ്ട്രീയ പ്രതിസന്ധികളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 6.9 ശതമാനമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ വലിയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ശക്തമായ ആഭ്യന്തര ഉപഭോഗവും ആഭ്യന്തര നിക്ഷേപങ്ങളുമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങള്‍. ഉയര്‍ന്ന നേരിട്ടുള്ള നികുതി പിരിവും നികുതിയേതര വരുമാനവും വര്‍ദ്ധിച്ചതോടെ 2026 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനമായി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

പണപ്പെരുപ്പ നിരക്കിലുണ്ടായ വലിയ കുറവാണ് രാജ്യത്തിന് ആശ്വാസം നല്‍കുന്ന മറ്റൊരു ഘടകം. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതും അനുകൂലമായ സാഹചര്യങ്ങളും കാരണം മുന്‍വര്‍ഷത്തെ 4.6 ശതമാനത്തില്‍ നിന്നും മുഖ്യ പണപ്പെരുപ്പം 2.1 ശതമാനമായി കുത്തനെ കുറഞ്ഞു. പണപ്പെരുപ്പം ലക്ഷ്യപരിധിക്കുള്ളില്‍ ഒതുങ്ങിയതോടെ ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്കില്‍ 100 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയിട്ടുണ്ട്. കൂടാതെ, വിപണിയിലെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി സിആര്‍ആര്‍ വെട്ടിക്കുറയ്ക്കലിലൂടെയും ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളിലൂടെയും ആര്‍ബിഐ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കുകയും ചെയ്തു.

പോസിറ്റീവായ ഇത്തരം സൂചനകള്‍ ഉണ്ടെങ്കിലും ആഗോള വിപണിയിലെ അപകടസാധ്യതകളെക്കുറിച്ച് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പശ്ചിമേഷ്യയിലെ നീണ്ടുനില്‍ക്കുന്ന യുദ്ധസമാനമായ അന്തരീക്ഷം അസംസ്‌കൃത എണ്ണവില ഉയരുന്നതിനും, ലോജിസ്റ്റിക്‌സ് ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനും, അതുവഴി വീണ്ടും പണപ്പെരുപ്പ സമ്മര്‍ദ്ദമുണ്ടാക്കാനും കാരണമായേക്കാം. എങ്കിലും, കയറ്റുമതിയെ മാത്രം ആശ്രയിച്ചു കഴിയുന്ന രാജ്യമല്ലാത്തതിനാലും ശക്തമായ ആഭ്യന്തര വിപണി ഉള്ളതിനാലും ഇത്തരം ബാഹ്യ ആഘാതങ്ങളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സുരക്ഷിതമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ആര്‍ബിഐ കൂട്ടിച്ചേര്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *