ധാക്ക: ബംഗ്ലാദേശില്‍ ബലിപെരുന്നാളിന് അറുക്കാന്‍ നിശ്ചയിച്ചിരുന്ന ‘ഡോണള്‍ഡ് ട്രംപ്’ എന്ന് പേരുള്ള ആല്‍ബിനോ എരുമയ്ക്ക് വൈറല്‍ പരിവേഷം രക്ഷയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുടിശൈലിയോട് സാമ്യമുള്ള സ്വര്‍ണ്ണനിറത്തിലുള്ള തലമുടിയാണ് ഈ എരുമയെ ശ്രദ്ധേയനാക്കിയത്. സ്വര്‍ണ്ണനിറത്തിലുള്ള മുടി കണ്ടാണ് ഫാം ഉടമയായ സിയാവുദ്ദീന്‍ മൃദയുടെ സഹോദരന്‍ എരുമയ്ക്ക് ‘ട്രംപ്’ എന്ന് പേരിട്ടത്. ബംഗ്ലാദേശില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന വെളുത്ത നിറത്തിലുള്ള എരുമയാണിത്.
700 കിലോ തൂക്കമുള്ള ഈ എരുമയെ ബലികര്‍മ്മങ്ങള്‍ക്കായി വിറ്റുപോയതായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായതോടെ ലഭിച്ച അന്താരാഷ്ട്ര ശ്രദ്ധ കണക്കിലെടുത്ത് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടു. ആഭ്യന്തര മന്ത്രി സലാഹുദ്ദീന്‍ അഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം എരുമയെ വാങ്ങിയ ആള്‍ക്ക് പണം തിരികെ നല്‍കുകയും ബലികര്‍മ്മത്തില്‍ നിന്ന് ഇതിനെ ഒഴിവാക്കുകയും ചെയ്തു. ട്രംപിനെ ഇപ്പോള്‍ ധാക്കയിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ രണ്ടാഴ്ചത്തെ ക്വാറന്റൈനിലുള്ള മൃഗത്തെ അതിനുശേഷം പൊതുജനങ്ങള്‍ക്ക് കാണാനായി തുറന്നുകൊടുക്കും. മൃഗശാലയില്‍ ട്രംപിനായി പ്രത്യേക കൂടും പരിചാരകനെയും സജ്ജമാക്കിയിട്ടുണ്ട്.