വൈദ്യുതീകരണത്തിന്റെ പുതിയ യുഗം ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് മോഡല്‍ ‘ലൂസ് ഇവി’ അവതരിപ്പിച്ച് ഫെരാരി!

ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഫെരാരി തങ്ങളുടെ ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് മോഡലായ ‘ഫെരാരി ലൂസ് ഇവി’ ഔദ്യോഗികമായി പുറത്തിറക്കി. പരിമിതമായ കാലത്തേക്ക് മാത്രം വില്‍ക്കുന്ന ഒന്നല്ല, മറിച്ച് ഫെരാരിയുടെ സ്ഥിരം ഉല്‍പ്പാദന നിരയിലെ ഒരു പ്രധാന മോഡലായാണ് ഇത് വിപണിയിലെത്തുന്നത്. വൈദ്യുത കരുത്തും ഫെരാരിയുടെ തനതായ പ്രകടനക്ഷമതയും ഒത്തുചേരുന്ന ലൂസ് ഇവി, ആധുനിക സൂപ്പര്‍കാറുകളുടെ സങ്കല്‍പ്പങ്ങളെത്തന്നെ തിരുത്തിക്കുറിക്കാന്‍ പോന്ന ഒന്നാണ്.

പരമ്പരാഗത സൂപ്പര്‍കാര്‍ ഡിസൈനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു രൂപഘടനയാണ് ലൂസിന് നല്‍കിയിരിക്കുന്നത്. ജോണി ഐവിന്റെ പ്രശസ്തമായ ‘ലവ്ഫ്രം’ എന്ന ഡിസൈന്‍ കമ്പനിയുമായി സഹകരിച്ചാണ് ഫെരാരിയുടെ സെന്‍ട്രോ സ്‌റ്റൈല്‍ വിഭാഗം ഇത് വികസിപ്പിച്ചെടുത്തത്. വായുസഞ്ചാര കാര്യക്ഷമതയ്ക്ക് പരമാവധി മുന്‍ഗണന നല്‍കുന്ന ഈ കാറിന് 5019 മില്ലീമീറ്റര്‍ നീളമുണ്ട്. ഇതിന്റെ അലുമിനിയം ബോഡി ഒരു കണ്ണുനീര്‍ തുള്ളിയുടെ ആകൃതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്താനായി ഹുഡും വിന്‍ഡ്ഷീല്‍ഡും ഒരൊറ്റ പ്രതലമായി ലയിക്കുന്ന രീതിയിലാണ് ഡിസൈന്‍. പ്രത്യേകമായി പേറ്റന്റ് നേടിയ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ പോലും വായുപ്രതിരോധം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ സജീവമായ എയറോഡൈനാമിക്‌സ് സംവിധാനങ്ങള്‍ ഇല്ലാതെ തന്നെ വെറും 0.254 ഇറ എന്ന മികച്ച ഡ്രാഗ് കോഫിഫിഷ്യന്റ് കൈവരിക്കാന്‍ ഫെരാരിക്ക് കഴിഞ്ഞു. മുന്നില്‍ 23 ഇഞ്ചും പിന്നില്‍ 24 ഇഞ്ചുമുള്ള വലിയ വീലുകളും, ആകര്‍ഷകമായ വൃത്താകൃതിയിലുള്ള ടെയില്‍ ലാമ്പുകളും ഇതിന്റെ സ്‌പോര്‍ട്ടി ലുക്ക് വര്‍ദ്ധിപ്പിക്കുന്നു.

ക്യാബിനുള്ളില്‍ അനാവശ്യമായ ആഡംബരങ്ങള്‍ ഒഴിവാക്കി മിനിമലിസ്റ്റിക് ശൈലിയിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ഇതിലും ജോണി ഐവിന്റെ ഡിസൈന്‍ സ്വാധീനം വ്യക്തമായി കാണാം. ഡിജിറ്റല്‍ സ്‌ക്രീനുകള്‍ അമിതമായി കുത്തിനിറയ്ക്കാതെ, യാത്രക്കാരന് നേരെ തിരിക്കാന്‍ കഴിയുന്ന ഒരു സെന്‍ട്രല്‍ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. പരമ്പരാഗത കാറുകളിലെപ്പോലെ നടുവില്‍ ട്രാന്‍സ്മിഷന്‍ ടണല്‍ ഇല്ലാത്തതിനാല്‍ വിശാലമായ അഞ്ച് സീറ്റര്‍ ലേഔട്ട് സാധ്യമായിട്ടുണ്ട്. ഫെരാരിയുടെ ചരിത്രത്തില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ലഗേജ് സ്‌പേസും ഇതിലുണ്ട്.

ഫോര്‍മുല 1, എന്‍ഡുറന്‍സ് റേസിംഗ് എന്നിവയിലെ സാങ്കേതിക പരിചയം മുന്‍നിര്‍ത്തി ഫെരാരി സ്വന്തമായി വികസിപ്പിച്ചെടുത്ത ക്വാഡ്-മോട്ടോര്‍ (നാല് മോട്ടോറുകള്‍) സജ്ജീകരണമാണ് ഇതിന്റെ കരുത്ത്. ഓരോ ചക്രത്തെയും സ്വതന്ത്രമായി നിയന്ത്രിക്കുന്ന ഈ മോട്ടോറുകള്‍ വഴി മൊത്തം 1,035 എച്ച്പി (യവു) കരുത്ത് ഉത്പാദിപ്പിക്കാന്‍ ഈ സൂപ്പര്‍കാറിനാകും. ചേസിസിനോട് ചേര്‍ത്ത് ഘടിപ്പിച്ചിരിക്കുന്ന 800-വോള്‍ട്ട് ബാറ്ററി പായ്ക്ക് കാറിന്റെ ഗുരുത്വാകര്‍ഷണ കേന്ദ്രം കുറയ്ക്കുകയും, വളരെ ഭാരം കുറഞ്ഞ സ്‌പോര്‍ട്‌സ് കാറുകളുടേത് പോലുള്ള ഡ്രൈവിംഗ് അനുഭവം നല്‍കുകയും ചെയ്യുന്നു.

ഒറ്റ ചാര്‍ജിംഗില്‍ ഏകദേശം 530 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഫെരാരി ലൂസ്, 350 സണ വരെയുള്ള ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതിന്റെ പവര്‍ട്രെയിനിന് എട്ട് വര്‍ഷത്തെ അണ്‍ലിമിറ്റഡ് മൈലേജ് വാറന്റിയും കമ്പനി നല്‍കുന്നു. ഇലക്ട്രിക് മോട്ടോറുകളുടെ യഥാര്‍ത്ഥ വൈബ്രേഷനുകള്‍ പിടിച്ചെടുത്ത് മികച്ചൊരു ശബ്ദാനുഭവമാക്കി മാറ്റുന്ന ഒരു പ്രത്യേക സൗണ്ട് സിസ്റ്റവും ഇതിലുണ്ട്. ഏതാണ്ട് 550,000 യൂറോ (ഏകദേശം 6.10 കോടി രൂപ) മുതലാണ് വിപണിയില്‍ ഇതിന്റെ വില ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *