എബോള വൈറസ് വ്യാപനം അതിരൂക്ഷം 220 മരണം വിമാനക്കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിസിഎ

ആഫ്രിക്കന്‍ രാജ്യങ്ങളായ ഡിആര്‍ കോംഗോ, ഉഗാണ്ട എന്നിവിടങ്ങളില്‍ എബോള വൈറസ് അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ 220 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. രോഗം കണ്ടെത്തുന്നതിലെ കാലതാമസവും സുരക്ഷിതമല്ലാത്ത സംസ്‌കാര രീതികളുമാണ് രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്നത്.

കോംഗോയില്‍ എബോള രോഗികളെ പരിചരിക്കുന്ന ആശുപത്രികള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ കൊണ്ടുപോകുന്നതും സുരക്ഷിതമല്ലാത്ത ശ്മശാനങ്ങളും രോഗം പടരാന്‍ കാരണമാകുന്നു. കോംഗോയുമായി അതിര്‍ത്തി പങ്കിടുന്ന മറ്റു രാജ്യങ്ങളിലും രോഗബാധയുണ്ടാകാന്‍ ഉയര്‍ന്ന സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

എബോള ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ക്കായി ഡിജിസിഎ പുതിയ പ്രോട്ടോക്കോള്‍ പുറപ്പെടുവിച്ചു. ഉഗാണ്ട, കോംഗോ എന്നീ രാജ്യങ്ങളിലൂടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ഓണ്‍-ബോര്‍ഡ് നിരീക്ഷണം കര്‍ശനമാക്കണം. യാത്രക്കാരില്‍ നിന്ന് ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോമുകള്‍ നിര്‍ബന്ധമായും ശേഖരിക്കണം. യാത്രയ്ക്കിടെ രോഗലക്ഷണങ്ങളെക്കുറിച്ചും ജാഗ്രതയെക്കുറിച്ചും പ്രത്യേക അനൗണ്‍സ്മെന്റുകള്‍ നല്‍കണം. വിദേശത്തുനിന്നും ഇന്ത്യയില്‍ എത്തിയ ശേഷം 21 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഈ മാസം 22-നാണ് ഡിജിസിഎ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിമാനക്കമ്പനികള്‍ക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *