തിരുവനന്തപുരത്ത് പ്രണയവിവാഹത്തില്‍ നിന്ന് പിന്മാറാത്തതിനെത്തുടര്‍ന്ന് യുവതിക്ക് നേരെ ക്രൂരമായ അതിക്രമം. മണ്ണന്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ പത്തൊന്‍പതിനായിരുന്നു സംഭവം. യുവാവിന്റെ ബന്ധുക്കളായ നാലംഗ സംഘമാണ് യുവതിയെ ആക്രമിച്ചത്.
കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി കാറില്‍ നിന്നും പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനു പുറമെ ലൈംഗികാതിക്രമം നടത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. സംഭവത്തില്‍ യുവതിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്‍ സ്വര്‍ണ്ണമാലയും പണവും സംഘം കവര്‍ന്നതായും പരാതിയില്‍ പറയുന്നു. യുവാവിന്റെ അമ്മ, അമ്മയുടെ സഹോദരന്‍, മുത്തശ്ശന്‍, മുത്തശ്ശി എന്നിവര്‍ ചേര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണന്തല പൊലീസ് നാലുപേര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.