തൃശൂര്‍: ഞായറാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും ഗുരുവായൂര്‍ ദര്‍ശനം നടത്തിയത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയില്‍ ഗുരുവായൂര്‍ ദേവസ്വം അന്വേഷണം നടത്തും. അവധി ദിവസങ്ങളില്‍ വിഐപി ദര്‍ശനം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടോ എന്നും ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് അറിയിച്ചു.
ഞായറാഴ്ചകളില്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ വിഐപി ദര്‍ശനം അനുവദനീയമല്ലെന്ന നിയമം ലംഘിക്കപ്പെട്ടതായി ആരോപണമുണ്ട്. രമേശ് ചെന്നിത്തല ഒഴികെയുള്ളവര്‍ സന്ദര്‍ശനം മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ആചാരപരമായ രീതിയിലാണോ ദര്‍ശനം നടത്തിയത് എന്ന് പരിശോധിക്കും. ക്ഷേത്രവളപ്പിലും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന് സമീപവും ഫോട്ടോ, വീഡിയോ ചിത്രീകരണം നിരോധിച്ചതാണ്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും റീല്‍സ് ചിത്രീകരിച്ചതായും പരാതിയുണ്ട്. മന്ത്രി അനില്‍ കുമാറിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്. ഭക്തരെ തടഞ്ഞ് വിഐപികള്‍ക്ക് സൗകര്യമൊരുക്കിയത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.