തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാലാണ് മഴ കനക്കുന്നത്. ഒക്ടോബര്‍ 26 തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.
ഇന്ന് (ഒക്ടോബര്‍ 24) തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ഒക്ടോബര്‍ 25) കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. തിങ്കളാഴ്ച ഈ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായി മാറും.
കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ തുറക്കും. നിലവിലെ ജലനിരപ്പ് 77.27 മീറ്ററായതിനാല്‍ 6 സ്പില്‍വേ ഷട്ടറുകളും 5 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താനാണ് തീരുമാനം. അണക്കെട്ടിനോട് ചേര്‍ന്നും പുഴയോരത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരങ്ങളില്‍ ഇന്ന് രാത്രി 11.30 വരെയും, കന്യാകുമാരി തീരത്ത് ഇന്നും രാത്രി 11.30 വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.