ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാനിലെ വിപണികളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലനിലവാരം പിടിച്ചുനിര്‍ത്താനും ശക്തമായ നിരീക്ഷണവുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. ഇലവര്‍ഗങ്ങള്‍, വിവിധതരം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവ വിപണിയില്‍ ആവശ്യത്തിന് ലഭ്യമാണെന്നും ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ വിപണി പൂര്‍ണ്ണ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രാദേശിക വിപണികളിലേക്കുള്ള ഉല്‍പ്പന്നങ്ങളുടെ സുഗമമായ വരവ് വിപണിയിലെ സ്ഥിരതയ്ക്ക് വലിയൊരു കരുത്താണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കണക്കുകള്‍ പ്രകാരം, മെയ് 1 മുതല്‍ 20 വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം സലാല കേന്ദ്ര വിപണിയില്‍ 20,000 ടണ്ണിലധികം പഴങ്ങളും പച്ചക്കറികളും എത്തിച്ചേര്‍ന്നിട്ടുണ്ട്. ബലിപെരുന്നാള്‍ കാലയളവിലെ തിരക്ക് മുന്നില്‍ക്കണ്ട് സാധനങ്ങള്‍ ലഭ്യമാക്കാന്‍ വിപണികള്‍ സജ്ജമായിക്കഴിഞ്ഞു. പെരുന്നാള്‍ പ്രമാണിച്ച് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പുവരുത്താന്‍ വരും ദിവസങ്ങളിലും കേന്ദ്ര വിപണികളില്‍ കര്‍ശനമായ ഫീല്‍ഡ് പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്നും മന്ത്രാലയം അറിയിച്ചു.