നദിയില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ 8 പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഉത്തര കന്നഡയിലെ തട്ടെ ഹക്കലു നദിയില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ ഒരുകുടുംബത്തിലെ എട്ടുപേര്‍ മുങ്ങിമരിച്ചു. ഭദ്കല്‍ താലൂക്കിലെ ശിരാലി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച 14 അംഗങ്ങളുള്ള സംഘം നദിയിലിറങ്ങിയതായിരുന്നു. നദിയുടെ ആഴമുള്ള ഭാഗത്തേക്ക് എത്തിയതോടെ ഇവര്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഉമേഷ് മഞ്ജുനാഥ് നായക് (40), ലക്ഷ്മി മഹാദേവ് നായക് (42), ലക്ഷ്മി ജട്ടപ്പ നായക് (30), ലക്ഷ്മി അപ്പണ്ണ നായക് (60), ലക്ഷ്മി ശിവറാം നായക് (49), ജ്യോതി മസ്തമ്മ നായക് (34), മാലതി നായക് (38), മസ്തമ്മ നായക് (60) എന്നിവരാണ് മരിച്ചത്. ഇതില്‍ ഏഴുപേരും സ്ത്രീകളാണ്. അപകടത്തില്‍പ്പെട്ടവരില്‍ നാഗരത്‌ന, മഹാദേവി എന്നീ രണ്ടുപേരെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ കൂടി കാണാതായിട്ടുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *