പ്രണയം നടിച്ച് 15-കാരിയില്‍ നിന്ന് 35 പവന്‍ കവര്‍ന്നു നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

മയ്യഴിയില്‍ പതിനഞ്ചുകാരിയെ പ്രണയം നടിച്ച് കബളിപ്പിച്ച് 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. തലശ്ശേരി സ്വദേശിയായ പി. ഫഹീം അഹമ്മദ് (25) എന്ന യുവാവിനെയാണ് മാഹി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കണ്ണൂരിലും കോഴിക്കോട്ടും സിനിമയ്ക്ക് കൊണ്ടുപോയ സമയത്ത് പ്രതി തന്ത്രപരമായി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കുട്ടിയില്‍ നിന്ന് പലപ്പോഴായി സ്വര്‍ണം മുഴുവന്‍ ഇയാള്‍ തട്ടിയെടുത്തത്. നിലവില്‍ ഭയപ്പെടുത്തി പണം തട്ടിയതിനും പോക്സോ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.

2024 ജൂലൈയില്‍ നടന്ന ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും, അന്നത്തെ പള്ളൂര്‍ എസ്.എച്ച്.ഒ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജ പരാതിയാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പോലീസിനെ കബളിപ്പിച്ചു എന്നാരോപിച്ച് കുട്ടിയുടെ പിതാവിനെതിരെ അന്ന് കേസെടുക്കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് മാഹിയില്‍ പുതിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി പി.എ. അനില്‍കുമാര്‍ ചുമതലയേറ്റതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. പഴയ ഫയലുകള്‍ പരിശോധിച്ചപ്പോള്‍ തോന്നിയ സംശയത്തെ തുടര്‍ന്ന് അദ്ദേഹം കോടതിയുടെ അനുമതിയോടെ പുനരന്വേഷണം ആരംഭിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പെണ്‍കുട്ടി നേരിട്ട ക്രൂരത പുറംലോകമറിഞ്ഞത്. ഇതേ പ്രതിക്കെതിരെ കൊടുങ്ങല്ലൂരിലും സമാനമായ കേസുണ്ടെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതി വിറ്റഴിച്ച സ്വര്‍ണത്തില്‍ 21 പവന്‍ തലശ്ശേരിയിലെ മൂന്ന് കടകളില്‍ നിന്നായി പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ബാക്കി സ്വര്‍ണം വീണ്ടെടുക്കാനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും തിങ്കളാഴ്ച പോണ്ടിച്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *