ഉപയോഗിക്കാത്ത യു.പി.ഐ. ഐ.ഡികള്‍ വലിയൊരു സാമ്പത്തിക സുരക്ഷാ ഭീഷണിയാണ്. ആപ്പുകള്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രം അവ ഇല്ലാതാകുന്നില്ലെന്ന കാര്യം പലരും തിരിച്ചറിയുന്നില്ല. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട ഐ.ഡികള്‍ വഴി പണം നഷ്ടപ്പെടാനും തട്ടിപ്പുകള്‍ക്കും സാധ്യതയുണ്ടെന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
ആപ്പുകള്‍ ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്താലും, ആ യു.പി.ഐ. ഐ.ഡിയും അതിലേക്ക് ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബാങ്കിന്റെയോ പെയ്‌മെന്റ് സര്‍വീസ് പ്രൊവൈഡറുടെയോ സെര്‍വറുകളില്‍ സജീവമായിത്തന്നെ തുടരും. ഫോണ്‍ നമ്പര്‍ മാറുമ്പോള്‍ പഴയ നമ്പര്‍ മറ്റൊരാള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. പഴയ യു.പി.ഐ. ഐ.ഡി ആ നമ്പറുമായി ബന്ധപ്പെട്ട് കിടക്കുകയാണെങ്കില്‍, പുതിയ ഉപയോക്താവിന് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കാനും ഇടപാടുകള്‍ നടത്താനും അവസരം ലഭിച്ചേക്കാം. കൂടാതെ, പഴയ ഐ.ഡികള്‍ ഉപയോഗിച്ച് വ്യാജ പെയ്‌മെന്റ് റിക്വസ്റ്റുകള്‍ അയക്കാനും, ഒ.ടി.പി തട്ടിപ്പുകള്‍ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം കവരാനും തട്ടിപ്പുകാര്‍ക്ക് സാധിക്കും.
ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ പഴയ ഐ.ഡികള്‍ കൃത്യമായി നീക്കം ചെയ്യണം. ഉപയോഗിക്കാത്ത പെയ്‌മെന്റ് ആപ്പുകളില്‍ നിന്ന് എല്ലാ ബാങ്ക് അക്കൗണ്ടുകളും മാന്വലായി അണ്‍ലിങ്ക് ചെയ്യുകയാണ് ആദ്യം വേണ്ടത്. ആപ്പിലെ സെറ്റിംഗ്‌സില്‍ പോയി യു.പി.ഐ. ഐ.ഡി പെര്‍മനന്റായി ഡിലീറ്റ് ചെയ്യുകയോ ഡീആക്ടിവേറ്റ് ചെയ്യുകയോ ചെയ്യുക. ഓട്ടോപേ സെറ്റിംഗ്‌സില്‍ പോയി പഴയ സബ്‌സ്‌ക്രിപ്ഷനുകളും മാന്‍ഡേറ്റുകളും റദ്ദാക്കാന്‍ മറക്കരുത്. യു.പി.ഐ. ലൈറ്റ് വാലറ്റില്‍ പണം ബാക്കിയുണ്ടെങ്കില്‍ അത് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയശേഷം ആ സേവനം അവസാനിപ്പിക്കുക. ആപ്പുകളില്‍ ഇത്തരം ഓപ്ഷനുകള്‍ ലഭ്യമല്ലെങ്കില്‍, ബാങ്ക് കസ്റ്റമര്‍ കെയറുമായി നേരിട്ട് ബന്ധപ്പെട്ട് യു.പി.ഐ. സേവനം ബ്ലോക്ക് ചെയ്യുകയോ ലിങ്ക് നീക്കം ചെയ്യുകയോ ചെയ്യാം. പുതിയ പെയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പഴയവയിലെ ഐ.ഡികള്‍ അപ്പപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും.