പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് പാകിസ്ഥാന് വിവരങ്ങള്‍ കൈമാറിയ കേസില്‍ നിര്‍ണായക അറസ്റ്റ്. പത്താന്‍കോട്ട്-ജമ്മു ദേശീയപാതയില്‍ സൈനിക വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറ സ്ഥാപിച്ച ചക് ധരിവാള്‍ സ്വദേശി ബല്‍ജിത് സിങ് എന്ന ബിട്ടുവിനെയാണ് പോലീസ് പിടികൂടിയത്. ദേശീയപാത 44-ലെ ഒരു പാലത്തിന് സമീപമുള്ള കടയില്‍ രഹസ്യമായി സ്ഥാപിച്ച ക്യാമറ വഴി സൈനിക ദൃശ്യങ്ങള്‍ തത്സമയം പാകിസ്ഥാനിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും എത്തിക്കുകയായിരുന്നു. ദുബായില്‍ നിന്നുള്ള ഒരാളുടെ നിര്‍ദേശപ്രകാരം ജനുവരിയില്‍ ഈ ക്യാമറ സ്ഥാപിച്ചുവെന്നും ഇതിനായി 40,000 രൂപ പ്രതിഫലം കൈപ്പറ്റിയെന്നും പ്രതി സമ്മതിച്ചു. ഇയാളില്‍ നിന്ന് ക്യാമറയും വൈഫൈ റൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. ബല്‍ജിത് സിങ്ങിന് പുറമെ വിക്രംജിത് സിങ്, ബല്‍വീന്ദര്‍ സിങ്, തരണ്‍പ്രീത് സിങ് എന്നീ കൂട്ടാളികള്‍ക്കെതിരെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സമാനമായ രീതിയില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ട് ചാരസംഘങ്ങളെ കഴിഞ്ഞ മാസം പഞ്ചാബ് പോലീസ് പിടികൂടിയിരുന്നു. സോളാര്‍ പാനലുകളും 4ഏ കണക്റ്റിവിറ്റിയും ഉള്ള അത്യാധുനിക ചൈനീസ് നിര്‍മിത ക്യാമറകളാണ് ഇവര്‍ സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചിരുന്നത്. വയറിങ് ആവശ്യമില്ലാത്തതിനാല്‍ രഹസ്യമായി പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പമുള്ള ഈ ക്യാമറകള്‍ വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തിയിരുന്നത്. ജലന്ധറിലും കപുര്‍ത്തലയിലും നടന്ന പരിശോധനകളില്‍ സുഖ്വീന്ദര്‍ സിങ്, സോന, സന്ദീപ് സിങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ സന്ദീപ് സിങ് ഡ്രോണ്‍ വഴി ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ശൃംഖലയുടെ വിദേശ ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.