ദക്ഷിണ റെയില്‍വേയില്‍ വലിയ തോതില്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ട്. ആകെയുള്ള 95,336 സ്ഥിരം തസ്തികകളില്‍ 79,841 പേര്‍ മാത്രമാണ് നിലവില്‍ സേവനമനുഷ്ഠിക്കുന്നത്. ഇതോടെ 15,495 തസ്തികകളാണ് സോണില്‍ ഒഴിഞ്ഞുകിടക്കുന്നത്. ഗ്രൂപ്പ് സി, ഡി കാറ്റഗറികളിലാണ് ഒഴിവുകള്‍ കൂടുതലായുള്ളത്. ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് മാത്രം 664 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നിലവിലുള്ള നയമനുസരിച്ച് ഓരോ വര്‍ഷവും തസ്തികകളില്‍ നിന്ന് രണ്ട് ശതമാനം കുറയ്ക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഇതിനായി ജനറല്‍ മാനേജര്‍മാര്‍ക്ക് കൃത്യമായ ടാര്‍ഗറ്റുകള്‍ നല്‍കുന്നുണ്ട്. പുനഃക്രമീകരണം, ഒഴിവാക്കല്‍, തസ്തികമാറ്റല്‍, സ്ഥലംമാറ്റം എന്നിവയിലൂടെയാണ് ഈ പ്രക്രിയ നടപ്പാക്കുന്നത്. ഈ നയം മൂലം ഒരു വര്‍ഷത്തിനിടെ മാത്രം 29,808 തസ്തികകള്‍ നിര്‍ത്തലാക്കി. പ്രതിവര്‍ഷം അന്‍പതിനായിരത്തിലധികം ജീവനക്കാര്‍ വിരമിക്കുന്നുണ്ടെങ്കിലും, അതിന് ആനുപാതികമായ നിയമനങ്ങള്‍ നടക്കുന്നില്ല എന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.