കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തിരുവനന്തപുരത്തിനും കോട്ടയത്തിനും വിജയം

ആലപ്പുഴ – കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി തിരുവനന്തപുരം. എട്ട് വിക്കറ്റിനാണ് തിരുവനന്തപുരം കൊല്ലത്തെ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ കോട്ടയം പത്തനംതിട്ടയെ 61 റണ്‍സിന് തോല്‍പ്പിച്ചു.

തിരുവനന്തപുരത്തിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്ലം 29 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. ശരണ്യ (26), നന്ദന (20), കെസിയ (21) എന്നിവരാണ് കൊല്ലത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തിരുവനന്തപുരം 13.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. നിരഞ്ജനയും ശിവാനിയും ചേര്‍ന്നുള്ള 115 റണ്‍സിന്റെ കൂട്ടുകെട്ടാണ് തിരുവനന്തപുരത്തിന് വിജയമൊരുക്കിയത്. നിരഞ്ജന 55-ഉം ശിവാനി 53-ഉം റണ്‍സുമായി പുറത്താകാതെ നിന്നു.

മേഖലയിലെ മറ്റൊരു മത്സരത്തില്‍ പത്തനംതിട്ടയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കോട്ടയം 30 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 29 റണ്‍സ് വീതം നേടിയ ഏഞ്ചലും ഗോള്‍ഡിനയും 28 റണ്‍സെടുത്ത അനന്യയുമാണ് കോട്ടയത്തിന്റെ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. പത്തനംതിട്ടയ്ക്ക് വേണ്ടി ദയയും അമൃതയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പത്തനംതിട്ടയ്ക്ക് 30 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് മാത്രമാണ് നേടാനായത്. 45 റണ്‍സുമായി പുറത്താകാതെ നിന്ന മയൂഖ മാത്രമാണ് പത്തനംതിട്ടയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കോട്ടയത്തിന് വേണ്ടി ജുവല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *