എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയം ഇനി തീര്‍ത്ഥാടന കേന്ദ്രം

എണ്ണപ്പാറ: എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയം പരിശുദ്ധാത്മാ തീര്‍ത്ഥാടന കേന്ദ്രമായി തലശ്ശേരി അതിരൂപത മെത്രാന്‍ മാര്‍ ജോസഫ് പാമ്പ്‌ലാനി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച അതിരൂപതയുടെ ഡിക്രി വികാരി ജനറല്‍ മോണ്‍ സിഞ്ഞോര്‍ മാത്യു ഇലന്തുരുത്തിപ്പടവില്‍ വായിച്ചു . വ്യാഴാഴ്ച സെമിത്തേരിയില്‍ പണിതീര്‍ത്ത പുതിയ ചാപ്പലിന്റെയും 69 കല്ലറകളുടെയും വെഞ്ചിരിപ്പ് കര്‍മ്മത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വച്ചാണ് തീര്‍ഥാടന കേന്ദ്രമായുള്ള പ്രഖ്യാപനം ഉണ്ടായത്. പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള മലബാറിലെ ഏക ദേവാലയം ആണ് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയം.1962 ല്‍ സ്ഥാപിതമായ ദേവാലയമാണിത്.കഴിഞ്ഞ 212 ദിവസമായി 24 മണിക്കൂറും നടന്നുവരുന്ന അഖണ്ഡ ജപമാലയില്‍ പങ്കെടുക്കുന്നതിന് ദൂരസ്ഥലങ്ങളില്‍ നിന്നു പോലും നിരവധി ആളുകളാണ് ദേവാലയത്തില്‍ എത്തുന്നത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ചാപ്പലിന്റെയും കല്ലറകളുടെയും പണി വേഗത്തില്‍ പൂര്‍ത്തീകരിച്ച് പന്തക്കുസ്താ തിരുനാളിനോട് അനുബന്ധിച്ച് ആശിര്‍വാദ കര്‍മ്മം നിര്‍വഹിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച വികാരി ഫാ. ജോയിസ് കാരിക്കാത്തടം, കൈക്കാരന്‍മാര്‍, കമ്മറ്റിക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ എന്നിവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവര്‍ പ്രശ്‌നങ്ങളില്‍ നിന്നും മുക്തരല്ലെങ്കിലും അവയെ അതിജീവിക്കാനും പ്രതിസന്ധികളില്‍ ഭയരഹിതരായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. അരുണ്‍ അയിലുപാറ, ഫാ. ജോബ് കാട്ടുപറമ്പില്‍,ഫാ. ലിബിന്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *