പാലക്കുന്നില്‍ കുട്ടി
സ്വന്തമായി രൂപപ്പെടുത്തിയ കഴിവുകളെ തനതായ മികവോടെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ മിടുക്ക് കാട്ടിയ കൊച്ചു മിടുക്കിയാണ് പവിത്ര. ബാര ഗവ. ഹൈസ്‌കൂളില്‍ ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതിയ 163 പേരില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ 9 കുട്ടികളില്‍ ഒരാളാവാന്‍ മികവ് തെളിയിച്ച ആര്‍. കെ. പവിത്ര ഉദുമ പടിഞ്ഞാര്‍ കൊപ്പലിലെ പ്രവാസിയായ രാജേഷ് കുമാറിന്റെയും റീനയുടെയും മകളാണ്. പഠിക്കാന്‍ മിടുക്കിയായ മോള്‍ക്ക് ഫുള്‍ എ പ്ലസ് കിട്ടുമെന്ന് വീട്ടുകാര്‍ക്കും സ്‌കൂളിലെ അധ്യാപകര്‍ക്കും ഉറപ്പായിരുന്നുവത്രേ. പഠനത്തിനപ്പുറം പാഠ്യേതര വിഷയങ്ങളില്‍ കൂടി മിടുക്ക് തെളിയിച്ച കഴിവും ചേര്‍ത്തിണക്കി വായിക്കാന്‍ ഈ എഴുത്തിന് നിമിത്തമായെന്ന് പറയാം.
പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ സന്ധ്യക്ക് ശേഷം തിരുമുറ്റത്ത് നടത്തുന്ന ഭജനാലാപനത്തില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന നാള്‍ തൊട്ട് സാനിധ്യമറിയിക്കുന്ന പവിത്ര പടിഞ്ഞാര്‍ കൊപ്പലിലെ വീട്ടില്‍ നിന്ന് അമ്മ റീനയോടൊപ്പം ശനിയാഴ്ചകളില്‍ പാലക്കുന്നില്‍ എത്താറുണ്ട്. എസ്എസ്എല്‍സി ഫലം അറിഞ്ഞപ്പോള്‍ ആദ്യമെത്തിയതും ഇവിടത്തെ പടിഞ്ഞാറ്റയ്ക്ക് മുന്നില്‍ തൊഴുതു വണങ്ങി സരസ്വതി സങ്കല്‍പ്പം കൂടിയായ പാലക്കുന്നമ്മയുടെ അനുഗ്രഹം വാങ്ങാനായിരുന്നു.
പാലക്കുന്ന് ഭജന സമിതി ഗ്രൂപ്പിനൊപ്പം മറ്റിടങ്ങളില്‍ ഭജന പാടാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും പാഴാക്കാറില്ലെന്ന് പവിത്ര പറഞ്ഞു.
വയലിന്‍ വായനയിലെ തിളക്കം
ശ്രുതി മധുരമായ സംഗീതം പൊഴിക്കുന്ന വയലിന്‍ പാശ്ചാത്യ, പൗരസ്ത്യ സംഗീതത്തിന്റെ മാത്രമല്ല നമ്മുടെ ഭാഷാ സംഗീതത്തിന്റെയും ഭാഗമാണിപ്പോള്‍. വയലിന്‍ വായനയില്‍ വല്ലാത്തൊരു ക്രെയ്‌സാണ് ഈ കുട്ടിക്ക്. കര്‍മയില്‍ നിന്നായിരുന്നു പരിശീലനം. വയലിന്‍ വായനയില്‍ മത്സരിച്ചെടുത്തെല്ലാം എ ഗ്രേഡ് നേടിയ കുട്ടി. 9ല്‍ പഠിക്കുമ്പോള്‍ സബ് ജില്ലയില്‍ ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ്, തുടര്‍ന്ന് ജില്ലയിലും അതേ വിജയം. കേരളത്സവം പഞ്ചായത്ത് തലത്തിലും ജില്ലയിലും മത്സരിച്ചപ്പോഴും പവിത്രയ്ക്ക് എ ഗ്രേഡ് തന്നെ. പാട്ട് പാടാനും മിടുക്കി. സംഗീത പരിശീലനം നടത്തുന്നുണ്ട് . ചിത്രങ്ങള്‍ വരയ്ക്കാനും തല്പരയാണ്. ഈ രണ്ട് രംഗത്തും മത്സരിക്കാന്‍ മാത്രം മികവില്‍ എത്തിയിട്ടില്ല എന്ന് അവള്‍ തന്നെ പറയുന്നു.
ഐ പി എസ് നേടണം
ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥയാകാന്‍ യു പി എസ് സി പരീക്ഷ എഴുതണമെന്നാണ് ലക്ഷ്യമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം . കേരള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളില്‍ രണ്ടുവര്‍ഷം എസ് പി സി പരിശീലനത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. ഐപിഎസ് കാരിയാകാന്‍ ലക്ഷ്യമിടുന്നത് ഒരാഗ്രഹം മാത്രമാണെന്ന് പവിത്ര മിത സ്വരത്തില്‍ പറയുന്നു. പരസ്പരം സീരിയലിലെ ദീപ്തി ഐ പി എസ് എന്ന കഥാപാത്രമാണ് ഈ ആഗ്രഹത്തിന് പ്രചോദനം എന്ന് അവള്‍ പറയുന്നു. വല്യച്ഛന്‍ പോലിസ് ഉദ്യോഗസ്ഥനായിരുന്നു. ഭാവിയില്‍ ഐ പി എസ് കാരിയാകണമെന്ന് ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥനായ പി. വിശ്വംഭരന്‍ സാറിന്റെ ഉപദേശവും ഈ ആഗ്രഹത്തിന് നിമിത്തമായെന്ന് പറയുന്നു.ഏതാനും ദിവസം മുന്‍പ് കാസര്‍കോട് മനോരമ പത്രം സംഘടിപ്പിച്ച ജില്ല കളക്ടറുമായുള്ള സിവില്‍ സര്‍വീസ് പരീക്ഷ വിഷയവുമായി ബന്ധപ്പെട്ട സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയെന്ന് അവള്‍ പറഞ്ഞു.
പ്ലസ് വണ്ണിന് ഹ്യൂമാനിറ്റീസ് എടുത്തു പഠിക്കാനാണ് താല്പര്യം. ഏഴാം തരം വരെ പാലക്കുന്ന്ന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠിച്ചത്. തുടര്‍ന്നാണ് ബാര ഗവ. ഹൈസ്‌കൂളില്‍ എത്തിയത്.
അനിയത്തി രാജലക്ഷ്മി അംബികയില്‍ മൂന്നാം തരത്തില്‍ പഠിക്കുന്നു. ചേച്ചിയെ പോലെ പഠിച്ചു പേരെടുക്കുമെന്ന് പഠിക്കാന്‍ മിടുക്കിയായ അനിയത്തി പറയുന്നു.
ഫുള്‍ എ പ്ലസ് മികവില്‍ അനുമോദിക്കാന്‍ ഒത്തിരി പേര്‍ വീട്ടില്‍ വന്നു കൊണ്ടിരിക്കുന്നു. പടിഞ്ഞാര്‍കര പ്രദേശിക മാതൃസമിതി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ വീട്ടില്‍ വന്ന് അനുമോദിച്ചു.