സമുദ്രത്തില്‍ ഇന്ത്യയുടെ പ്രഹരശേഷി ഇരട്ടിയാകും ഐ.എന്‍.എസ് അരിസുദന്‍ വരുന്നു ആണവ ത്രയത്തിന് കൂടുതല്‍ കരുത്ത്

ഇന്‍ഡോ-പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റങ്ങള്‍ക്കും പ്രാദേശിക സുരക്ഷാ വെല്ലുവിളികള്‍ക്കും ശക്തമായ മറുപടിയുമായി ഇന്ത്യയുടെ നാലാമത്തെ ആണവ അന്തര്‍വാഹിനി കമ്മീഷന്‍ ചെയ്യാനൊരുങ്ങുന്നു. തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക അരിഹന്ത് ക്ലാസ് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി ‘ഐ.എന്‍.എസ് അരിസുദന്‍’ എന്ന പേരില്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധരംഗത്ത് ഇന്ത്യയുടെ തന്ത്രപ്രധാനമായ ‘ന്യൂക്ലിയര്‍ ട്രയാഡ്’ പൂര്‍ണ്ണ സജ്ജമാക്കുന്നതില്‍ ഈ അന്തര്‍വാഹിനിയുടെ വരവ് നിര്‍ണ്ണായകമാകും. പ്രതിരോധ വൃത്തങ്ങളില്‍ ‘എസ്-4’ എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന ഈ യുദ്ധക്കപ്പല്‍ നിലവില്‍ വിപുലമായ കടല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2027-ഓടെ ഇത് ഔദ്യോഗികമായി സേനയുടെ പടക്കപ്പലുകള്‍ക്കൊപ്പം ചേരുമെന്നാണ് കരുതപ്പെടുന്നത്.

വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ വച്ചാണ് ഈ അത്യാധുനിക അന്തര്‍വാഹിനിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ അഡ്വാന്‍സ്ഡ് ടെക്‌നോളജി വെസ്സല്‍ പ്രോഗ്രാമിലെ നാലാമത്തെയും അവസാനത്തെയും യൂണിറ്റാണിത്. അരിഹന്ത് ക്ലാസ് അന്തര്‍വാഹിനികളില്‍ വച്ച് ഏറ്റവും കൂടുതല്‍ തദ്ദേശീയ സാങ്കേതികവിദ്യകളും ഇന്ത്യന്‍ നിര്‍മ്മിത സാമഗ്രികളും ഉപയോഗിച്ചിരിക്കുന്നത് അരിസുദനിലാണ് എന്നത് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നു. കപ്പലിന്റെ ഏകദേശം 80 ശതമാനത്തിലധികം ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്തവയാണ്. ഇത് പ്രതിരോധ മേഖലയിലെ ‘ആത്മനിര്‍ഭര്‍ ഭാരത്’ നയത്തിന്റെ വലിയൊരു വിജയമായി വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *