തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി മൂന്ന് അംഗങ്ങളുമായി ബിജെപി സഭയിലേക്ക്. പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ദിനം വിപുലമായ ആഘോഷങ്ങളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ വരവേറ്റത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് ബിജെപി എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്.
ബിജെപിക്ക് ഇത് ചരിത്രപരമായ ദിനമാണെന്നും മോദിയുടെ വികസന രാഷ്ട്രീയം ഇനി കേരള നിയമസഭ കാണുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിക്ക് സ്പീക്കര്‍ സ്ഥാനത്തേക്ക് സ്വന്തമായി സ്ഥാനാര്‍ത്ഥിയുണ്ടാകും. ചാത്തന്നൂരില്‍ നിന്ന് വിജയിച്ച ബി.ബി. ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവിനെ വൈകാതെ തീരുമാനിക്കും. പരസ്പര ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പകരം വികസന ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ രാഷ്ട്രീയ സംസ്‌കാരം കേരളത്തില്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.