കല്‍പ്പറ്റ: സി.പി.എം വയനാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സ്ഥാനമൊഴിയണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായത് പാര്‍ട്ടിയെയും ജനങ്ങളെയും വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
ജില്ലാ സെക്രട്ടറി റഫീഖിനെതിരെ കടുത്ത ഭാഷയിലാണ് അംഗങ്ങള്‍ പ്രതികരിച്ചത്. സെക്രട്ടറി എസ്.എഫ്.ഐ നിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സെലിബ്രിറ്റികള്‍ എത്തുമ്പോള്‍ കൂടെ നിന്ന് റീല്‍സ് എടുക്കുകയല്ല ഒരു ജില്ലാ സെക്രട്ടറിയുടെ ചുമതലയെന്നും വിമര്‍ശനമുയര്‍ന്നു. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ ധാര്‍ഷ്ട്യത്തിന്റെ തെളിവായി വിലയിരുത്തപ്പെട്ടു. ടി. സിദ്ദിഖിനെതിരെ ഉന്നയിച്ച വിശ്വാസയോഗ്യമല്ലാത്ത ആരോപണങ്ങള്‍ തിരിച്ചടിയായെന്നും ഇത് യു.ഡി.എഫിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ കാരണമായെന്നും വിമര്‍ശനമുണ്ടായി. ജില്ലാ സെക്രട്ടേറിയറ്റിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നതില്‍ നേതൃത്വം കടുത്ത അമര്‍ഷം രേഖപ്പെടുത്തി. വിവരങ്ങള്‍ ചോര്‍ത്തുന്നത് ആരാണെന്ന് അറിയാമെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കി.