2012ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ തുടക്കമായിരുന്നു ഉണ്ടായത്. കൈയില്‍ ചൂലുമായി എത്തിയ ഒരു സാധാരണക്കാരന്‍ അഴിമതിക്കെതിരായ ജനങ്ങളുടെ അസ്വസ്ഥതയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റി. ”സിസ്റ്റം മാറ്റണം” എന്ന ആവശ്യം പിന്നീട് ഡല്‍ഹിയുടെ അധികാരകേന്ദ്രങ്ങളിലേക്കെത്തി, ഇന്ത്യന്‍ രാഷ്ട്രീയ ചര്‍ച്ചകളെ തന്നെ മാറ്റിമറിച്ചു. ഒരു ദശാബ്ദത്തിന് ശേഷം, ഇന്ത്യന്‍ രാഷ്ട്രീയം വീണ്ടും മറ്റൊരു അസാധാരണ പ്രതീകത്തെ ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍ ഇത്തവണ അത് ചൂലല്ല ഒരു ”പാറ്റയാണ്”. ഒരു പരാമര്‍ശത്തില്‍ നിന്നുയര്‍ന്ന വിവാദം, പിന്നീട് യുവജനങ്ങളുടെ പ്രതിഷേധഭാഷയായി മാറുന്ന അപൂര്‍വ കാഴ്ചയാണ് ഇന്ന് ഇന്ത്യ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ പരിഹാസമായി ഉപയോഗിച്ച ഒരു പദം, ഇപ്പോള്‍ ആയിരക്കണക്കിന് യുവാക്കളുടെ അസ്വസ്ഥതയും നിരാശയും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മ, വിദ്യാഭ്യാസ പ്രതിസന്ധി, രാഷ്ട്രീയ അവഗണന, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഇതെല്ലാം ചേര്‍ന്നാണ് ഈ പുതിയ ശബ്ദത്തിന് ശക്തി നല്‍കുന്നത്.
ആ പ്രസ്ഥാനത്തിന്റെ കേന്ദ്രത്തില്‍ നില്‍ക്കുന്നത് ബോസ്റ്റണില്‍ പഠിക്കുന്ന 30 വയസ്സുകാരനായ അഭിജീത് ദിപ്‌കെയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വാധീനം സൃഷ്ടിച്ച ”കോക്രോച്ച് ജനതാ പാര്‍ട്ടി” എന്ന ആശയം, വെറും ട്രെന്‍ഡാണോ അതോ ഇന്ത്യന്‍ യുവജന രാഷ്ട്രീയത്തിന്റെ പുതിയ അധ്യായമാണോ എന്ന ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ വഴി തുറന്നിരിക്കുന്നത്. ”പാറ്റകള്‍ക്കും ശബ്ദമുണ്ട്” എന്ന സന്ദേശത്തിലൂടെ, രാഷ്ട്രീയമായി അവഗണിക്കപ്പെട്ടുവെന്ന് കരുതുന്ന ഒരു തലമുറയുടെ വികാരങ്ങളെയാണ് അഭിജീത് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത്.
അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍സില്‍ പഠനം പൂര്‍ത്തിയാക്കിയ അഭിജീത്, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഒരു സാധാരണ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായിരുന്നു. ജോലിക്ക് അപേക്ഷകള്‍ അയച്ച് തന്റെ ഭാവി ജീവിതം പണിയാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ ഒരു പരാമര്‍ശം അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ മാറ്റിമറിച്ചു. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന യുവാക്കളെ ”കോക്രോച്ചുകളോടും പരാദങ്ങളോടും” ഉപമിച്ച ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം രാജ്യത്ത് വലിയ വിവാദത്തിന് വഴിവെച്ചു. പലരും അതിനെ വെറും രാഷ്ട്രീയ പരാമര്‍ശമായി കണ്ടപ്പോള്‍, അഭിജീത് അതിനെ ഒരു തലമുറയുടെ അപമാനമായി വായിച്ചു.
അത് തന്നെയാണ് ”കോക്രോച്ച് ജനതാ പാര്‍ട്ടി” എന്ന ആശയത്തിന്റെ ജനനമായി മാറിയത്. വെറും മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ പ്രസ്ഥാനത്തെ പിന്തുണച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്സും വെബ്സൈറ്റില്‍ ലക്ഷക്കണക്കിന് രജിസ്‌ട്രേഷനുകളും ലഭിച്ചതായി അഭിജീത് അവകാശപ്പെടുന്നു. ഇന്ത്യയിലെ യുവജനങ്ങളുടെ ആഴത്തിലുള്ള നിരാശയും രാഷ്ട്രീയ സംവിധാനത്തോടുള്ള അകലംപിടിത്തവുമാണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ ശക്തിയെന്ന് അദ്ദേഹം പറയുന്നു.
ദേശീയ മാധ്യമമായ ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജീത് തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞത്. ”അതെ, ഞാന്‍ തന്നെയാണ് ആ പാറ്റ,” എന്നായിരുന്നു അവതാരകയുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. പരിഹാസത്തെ തന്നെ പ്രതിരോധത്തിന്റെ ഭാഷയാക്കി മാറ്റിയ ആ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഭരണഘടനയുടെ സംരക്ഷകനായ ഒരാളില്‍ നിന്നാണ് ഇത്തരമൊരു പരാമര്‍ശം വന്നതെന്നതാണ് തന്നെ കൂടുതല്‍ വേദനിപ്പിച്ചതെന്ന് അഭിജീത് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ തന്നെ യുവാക്കളുടെ ശബ്ദത്തെ അപമാനിക്കുന്ന അവസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഭിജീതിന്റെ രാഷ്ട്രീയ യാത്രയും കൗതുകകരമാണ്. ഒരുകാലത്ത് അരവിന്ദ് കെജ്രിവാള്‍ നയിച്ച ആം ആദ്മി പാര്‍ട്ടിയുമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം, ആരോഗ്യ-വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ച രാഷ്ട്രീയ മാതൃകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായും പറഞ്ഞു. 2020 മുതല്‍ 2023 വരെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം അമേരിക്കയിലേക്ക് പഠനത്തിനായി പോയത്. എന്നാല്‍ ഇന്ന്, അദ്ദേഹം പറയുന്നത് ഇന്ത്യയിലെ യുവാക്കള്‍ക്ക് ഒരു രാഷ്ട്രീയ പ്രതിനിധാനമില്ല എന്നതാണ്.
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വികാരാത്മക രാഷ്ട്രീയം തന്നെയാണ്. തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച, യുവജനങ്ങളുടെ മാനസിക സമ്മര്‍ദ്ദം എന്നിവയാണ് അവര്‍ മുന്നോട്ട് വെക്കുന്ന പ്രധാന വിഷയങ്ങള്‍. നീറ്റ് പരീക്ഷാ വിവാദങ്ങളും വിദ്യാര്‍ത്ഥി ആത്മഹത്യകളും ചൂണ്ടിക്കാട്ടി അഭിജീത് സംസാരിച്ചത് വലിയ ശ്രദ്ധ നേടി. ”ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുമ്പോള്‍ ഇവിടെ ഒരു മന്ത്രിക്കും ഉത്തരവാദിത്തമില്ല. പക്ഷേ യൂറോപ്പില്‍ ഒരു ടൂറിസ്റ്റ് മരിച്ചാല്‍ പോലും മന്ത്രിമാര്‍ രാജിവെക്കും,” എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
അദ്ദേഹത്തിന്റെ വാക്കുകളില്‍ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യയിലെ രാഷ്ട്രീയ സംവാദത്തെക്കുറിച്ചുള്ള വിമര്‍ശനമാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്ത് യഥാര്‍ത്ഥ വികസന ചര്‍ച്ചകള്‍ക്കുപകരം മത-വര്‍ഗ രാഷ്ട്രീയമാണ് ആധിപത്യം പുലര്‍ത്തുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. അമേരിക്കയില്‍ കഴിയുമ്പോള്‍ അക, സെമികണ്ടക്ടര്‍, നവീന ഊര്‍ജ്ജം തുടങ്ങിയ വിഷയങ്ങളാണ് യുവാക്കള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യയില്‍ ഇപ്പോഴും ഹിന്ദു-മുസ്ലിം ചര്‍ച്ചകളില്‍ രാജ്യം കുടുങ്ങിക്കിടക്കുകയാണെന്ന് വിമര്‍ശിച്ചു.
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ അജണ്ടയും അത്ര തന്നെ വിവാദപരമാണ്. ജുഡീഷ്യറിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും, സ്ത്രീകള്‍ക്ക് 50 ശതമാനം രാഷ്ട്രീയ സംവരണം വേണമെന്നുമാണ് അവരുടെ ആവശ്യം. മാധ്യമ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. വിമര്‍ശകര്‍ ഇതെല്ലാം വെറും സോഷ്യല്‍ മീഡിയ ജനപ്രിയതയ്ക്കായുള്ള അതിരൂക്ഷ വാഗ്ദാനങ്ങളാണെന്ന് പറയുമ്പോള്‍, അഭിജീത് പറയുന്നത് ”ഇന്ത്യ എങ്ങനെയായിരിക്കണം എന്ന സ്വപ്നത്തെക്കുറിച്ചാണ്” എന്നതാണ്.
അതേസമയം, ഇത് വെറും ഒരു സോഷ്യല്‍ മീഡിയ ട്രെന്‍ഡായി അവസാനിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇന്ത്യന്‍ യുവാക്കളുടെ പ്രതിഷേധ രാഷ്ട്രീയം ഇതുവരെ പലപ്പോഴും ഓണ്‍ലൈന്‍ ലോകത്തേക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ പ്രസ്ഥാനം വ്യത്യസ്തമാണെന്നാണ് അഭിജീതിന്റെ അവകാശവാദം. യുവാക്കള്‍ ഇനി സംസാരിക്കാന്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അത് ആദ്യഘട്ടമാണെന്നും അദ്ദേഹം പറയുന്നു. ”ഇന്ന് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ സംസാരിക്കുന്നു. നാളെ അവര്‍ തെരുവിലിറങ്ങാനും സാധ്യതയുണ്ട്. പക്ഷേ അത് അക്രമപരമാകില്ല. ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുള്ളില്‍ നിന്നായിരിക്കും അവരുടെ പ്രതിഷേധം,” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
2029 തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ഇപ്പോള്‍ പ്രധാന ലക്ഷ്യം ഒരു പുതിയ രാഷ്ട്രീയ സംവാദം സൃഷ്ടിക്കുകയാണെന്നും, യുവാക്കളുടെ ശബ്ദം കേള്‍ക്കപ്പെടുന്ന ഒരു ഇടം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി കൈകോര്‍ക്കില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം നോക്കുമ്പോള്‍, പല വലിയ പ്രസ്ഥാനങ്ങളും പരിഹാസങ്ങളില്‍ നിന്നോ നിരാശയില്‍ നിന്നോ തന്നെയാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഒരുകാലത്ത് ”ചൂല്‍ പാര്‍ട്ടി” എന്ന് പരിഹസിക്കപ്പെട്ട പ്രസ്ഥാനം പിന്നീട് ഡല്‍ഹി ഭരിച്ചു. ഇന്ന് ”കോക്രോച്ച്” എന്ന അപമാന പദം ഒരു തലമുറയുടെ പ്രതിഷേധ പ്രതീകമായി മാറുകയാണ്. അത് യഥാര്‍ത്ഥ രാഷ്ട്രീയ ശക്തിയായി വളരുമോ, അതോ സോഷ്യല്‍ മീഡിയയുടെ മറ്റൊരു താല്‍ക്കാലിക തിരമാലയായി അവസാനിക്കുമോ എന്നത് കാലം മാത്രമേ തീരുമാനിക്കൂ. പക്ഷേ ഒരു കാര്യം വ്യക്തമാണ് ഇന്ത്യന്‍ യുവാക്കളുടെ അസ്വസ്ഥത ഇപ്പോള്‍ തുറന്നുപറയപ്പെടുകയാണ്. ആ ശബ്ദം ഇനി അവഗണിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് അത്ര എളുപ്പമാകില്ല.
ാേ