‘സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളര്‍ത്തി, സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്നവനാണ് ഞാന്‍’ ആലിംഗന വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ്

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനില്‍ നടന്ന ആലിംഗനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ആഹ്ലാദ പ്രകടനത്തിനിടെ താന്‍ നടത്തിയ പെരുമാറ്റത്തില്‍ എന്തെങ്കിലും അനൗചിത്യം തോന്നിയിട്ടുണ്ടെങ്കില്‍ പൊതുസമൂഹം ക്ഷമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പെരുമാറ്റത്തെ ചില സാമൂഹ്യമാധ്യമങ്ങള്‍ സ്ത്രീലമ്പടത്വമായി ചിത്രീകരിച്ചത് തന്നെ മാനസികമായി തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു. ”ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നെക്കുറിച്ച് പ്രചരിച്ച കാര്യങ്ങള്‍ കാരണം ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടു,” ചെറിയാന്‍ ഫിലിപ്പ് കുറിച്ചു.

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ എംഎല്‍എമാരെയും സ്‌നേഹത്തോടെയാണ് ആലിംഗനം ചെയ്തത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ തന്റെ കുഞ്ഞനുജത്തിമാരെപ്പോലെയാണ്. ചെറിയാന്‍ ഫിലിപ്പിന്റെ പ്രവൃത്തിയില്‍ ദുരുദ്ദേശ്യമില്ലെന്ന് ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും വ്യക്തമാക്കിയിട്ടുണ്ട്. പിതൃനിര്‍വിശേഷമായ സ്‌നേഹമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറും പ്രതികരിച്ചു. അരനൂറ്റാണ്ട് മുമ്പ് രാഷ്ട്രീയ പീഡനത്തെ തുടര്‍ന്ന് നട്ടെല്ലിനും സുഷുമ്ന നാടിക്കും ക്ഷതമേറ്റ കാര്യവും അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചു. വലിയ ചികിത്സകള്‍ക്ക് ശേഷമാണ് താന്‍ ഇന്നും എഴുന്നേറ്റു നടക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ദിരാ ഭവനില്‍ വെച്ച് നേതാക്കളുമായി വീണ്ടും സൗഹൃദം പങ്കിട്ടതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *