മോഹന്‍ലാലിന്റെ ജന്മദിനമായ ഇന്ന്, ലോകസിനിമയെ തന്നെ വിസ്മയിപ്പിച്ച ജോര്‍ജുകുട്ടിയും കുടുംബവും ‘ദൃശ്യം 3’-ലൂടെ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ആദ്യ ഭാഗം പുറത്തിറങ്ങി 13 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, അവിശ്വസനീയമായ ട്വിസ്റ്റുകളുമായിട്ടാണ് ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ട് മടങ്ങിയെത്തുന്നത്. 2013-ല്‍ ക്രിസ്മസ് റിലീസായി എത്തിയ ഒന്നാം ഭാഗം മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായി മാറി.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒടിടിയില്‍ എത്തിയ ‘ദൃശ്യം 2’, ജോര്‍ജുകുട്ടിയുടെ ബുദ്ധിശക്തിക്ക് മുന്നില്‍ നിയമം വീണ്ടും മുട്ടുമടക്കുന്നതാണ് കാണിച്ചുതന്നത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രമെന്ന റെക്കോര്‍ഡും ദൃശ്യം പരമ്പരയ്ക്കാണ്. താന്‍ ചെയ്ത കുറ്റത്തിന്റെ ഭാരം ചുമലിലേറ്റി, ഭയത്തിന്റെ നിഴലില്‍ ജീവിക്കുന്ന ജോര്‍ജുകുട്ടിയുടെ അതിജീവനമാണ് മൂന്നാം ഭാഗത്തിന്റെ പ്രമേയം. ഇത്തവണ ജോര്‍ജുകുട്ടി നിയമത്തിന് മുന്നില്‍ കീഴടങ്ങുമോ, അതോ അദൃശ്യനായ ശത്രുവിനെ വീണ്ടും തോല്‍പ്പിക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ അനില്‍ എന്നിവര്‍ക്കൊപ്പം സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.