കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് കരുത്ത് കാട്ടിയിരുന്നു. ലഖ്നൗ ഉയര്‍ത്തിയ 221 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം 19.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മറികടന്നു. 38 പന്തില്‍ 93 റണ്‍സ് അടിച്ചുകൂട്ടിയ കൗമാരതാരം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ വിജയശില്‍പ്പി.
വൈഭവിന്റെ ഇന്നിങ്സ് അക്ഷരാര്‍ത്ഥത്തില്‍ ഒരു വിരുന്നായിരുന്നു. അടിച്ചെടുത്ത 93 റണ്‍സില്‍ 88 റണ്‍സും ബൗണ്ടറികളില്‍ നിന്നായിരുന്നു (ഏഴ് ഫോറും പത്ത് സിക്സറും). ഈ വിജയത്തോടെ സീസണിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ വൈഭവ് ഒന്നാമതെത്തി. 13 മത്സരങ്ങളില്‍ നിന്ന് 579 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 563 റണ്‍സുള്ള മിച്ചല്‍ മാര്‍ഷിനെയാണ് വൈഭവ് പിന്തള്ളിയത്. ഒരു ഐപിഎല്‍ സീസണില്‍ 500 റണ്‍സ് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഇതോടെ വൈഭവിന്റെ പേരിലായി.