വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാള്‍ ക്രൂരത! 22-കാരിയെ കഴുത്തറുത്തും തല തകര്‍ത്തും മുന്‍ കാമുകന്‍ കൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാള്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുന്‍ കാമുകന്‍ അതിക്രൂരമായി കൊലപ്പെടുത്തി. ലഖ്നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റിയിലെ വിജനമായ വനമേഖലയിലാണ് കൊല്ലപ്പെട്ട ശിവാനി എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജീവനക്കാരിയായിരുന്ന ശിവാനിയുടെ വിവാഹനിശ്ചയം മേയ് 14-നാണ് പ്രകാശ് എന്ന യുവാവുമായി നടന്നത്. വീട്ടില്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം. ഞായറാഴ്ച രാവിലെ ഓഫീസിലെ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ശിവാനി രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് കാട്ടില്‍ കണ്ടെത്തിയ മൃതദേഹം അമ്മയാണ് ശിവാനിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

കേസ് അന്വേഷണത്തിനായി രൂപീകരിച്ച നാല് പ്രത്യേക പോലീസ് സംഘങ്ങള്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ചതിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. ലഖ്നൗവില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശിയായ പ്രേം കുമാര്‍ മാഞ്ചി (23) എന്ന യുവാവാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം പൂര്‍ണ്ണമായി സമ്മതിച്ചു. കഴിഞ്ഞ ഏഴെട്ട് വര്‍ഷമായി ശിവാനിയെ തനിക്ക് അറിയാമായിരുന്നുവെന്നും, എന്നാല്‍ കഴിഞ്ഞ ആറുമാസമായി ശിവാനിക്ക് അവളുടെ ഓഫീസിലെ സഹപ്രവര്‍ത്തകനായ മനീഷ് എന്നയാളുമായി ഉണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *