തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പിണറായി വിജയന്റെ ശൈലിയും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പെരുമാറ്റവും മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളും പരാജയത്തിന് ആക്കം കൂട്ടിയെന്ന് യോഗം വിലയിരുത്തി.
പിണറായി വിജയന്റെ ധാര്‍ഷ്ട്യവും സാധാരണക്കാരെ അകറ്റുന്ന ശരീരഭാഷയുമാണ് പരാജയത്തിന്റെ പ്രധാന കാരണമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ‘വീട്ടില്‍ പോയി പറയാന്‍’ പറയുന്നതുപോലുള്ള പരാമര്‍ശങ്ങളും പ്രവര്‍ത്തകരോടുള്ള പരുക്കന്‍ പെരുമാറ്റവും തിരിച്ചടിയായി. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന വിമര്‍ശനവും ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നുവെന്നും മുഷിഞ്ഞ വസ്ത്രം ധരിച്ചവര്‍ക്ക് അവിടെ പ്രവേശനമുണ്ടായിരുന്നില്ലെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.