സൈബര്‍ട്രക്കിന്റെ വാട്ടര്‍ ടെസ്റ്റ് പാളി ലക്ഷ്വറി വാഹനവുമായി തടാകത്തിലിറങ്ങിയ ഉടമ അറസ്റ്റില്‍

അമേരിക്കയിലെ ടെക്‌സാസില്‍, ടെസ്ല സൈബര്‍ട്രക്കിന്റെ വെള്ളത്തിലൂടെ സഞ്ചരിക്കാനുള്ള പ്രത്യേക ഫീച്ചര്‍ പരീക്ഷിക്കാന്‍ വാഹനവുമായി തടാകത്തിലിറങ്ങിയ ഉടമ ഒടുവില്‍ അറസ്റ്റിലായി. ടെക്‌സാസിലെ ഗ്രേപ്പ്വൈന്‍ തടാകത്തിലാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഈ സംഭവം നടന്നത്. ജിമ്മി ജാക്ക് മക്ഡാനിയല്‍ എന്ന സൈബര്‍ട്രക്ക് ഉടമയാണ് നിയമലംഘനത്തിന് പോലീസിന്റെ പിടിയിലായത്. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയോടെ കാറ്റീസ് വുഡ്‌സ് ബോട്ട് റാമ്പിന് സമീപം വാഹനം വെള്ളത്തില്‍ മുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ വാഹനം പൂര്‍ണ്ണമായി തകരാറിലാകുകയും ഉള്ളില്‍ വെള്ളം കയറുകയും ചെയ്തതോടെ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന യാത്രക്കാരും വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. പിന്നീട് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വാട്ടര്‍ റെസ്‌ക്യൂ ടീം എത്തി പ്രത്യേക ക്രെയിന്‍ ഉപയോഗിച്ചാണ് ഈ ആഡംബര വാഹനം കരയ്ക്ക് കയറ്റിയത്.

ടെസ്ല സൈബര്‍ട്രക്കുകളിലുള്ള പ്രത്യേക ഓഫ്-റോഡ് ഫീച്ചറായ ‘വെയ്ഡ് മോഡ്’ പരീക്ഷിക്കുന്നതിനുവേണ്ടിയാണ് താന്‍ വാഹനം തടാകത്തിലേക്ക് ഇറക്കിയതെന്ന് പിടിയിലായ ജിമ്മി ജാക്ക് മക്ഡാനിയല്‍ പോലീസിനോട് സമ്മതിച്ചു. ആഴം കുറഞ്ഞ വെള്ളത്തിലൂടെ പതുക്കെ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഈ മോഡ് ഓണാക്കുമ്പോള്‍ സുരക്ഷയ്ക്കായി വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ ഉയരുകയും ബാറ്ററി പാക്കിലേക്ക് വെള്ളം കയറാത്ത രീതിയില്‍ എയര്‍ പ്രഷര്‍ ക്രമീകരിക്കപ്പെടുകയും ചെയ്യും. എന്നാല്‍, ആഴമുള്ളതോ വേഗത്തില്‍ ഒഴുകുന്നതോ ആയ വെള്ളത്തില്‍ വാഹനം ഇറക്കരുതെന്നും ഇത് കനത്ത നാശനഷ്ടങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുമെന്നും ടെസ്ലയുടെ ഔദ്യോഗിക മാനുവലില്‍ കൃത്യമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനുമുമ്പ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഉപ്പുവെള്ളത്തില്‍ ഉള്‍പ്പെടെ താന്‍ ഈ വാഹനം ഓടിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നുമാണ് ഡ്രൈവറുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *