വെറും 1 മണിക്കൂര്‍ അകലെ മാറിയ യുദ്ധം ട്രംപിന്റെ തന്ത്രങ്ങളെ ഇറാന്‍ ചെറുക്കുന്നത് എങ്ങനെ

ആഗോള രാഷ്ട്രീയത്തില്‍ വീണ്ടുമൊരു യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തുമ്പോള്‍, പശ്ചിമേഷ്യയില്‍ വീണ്ടും കരിനിഴല്‍ പടരുകയാണ്. ഇറാനെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ പോന്ന വ്യോമാക്രമണത്തിന് തൊട്ടരികിലായിരുന്നു തങ്ങളെന്ന ട്രംപിന്റെ പ്രസ്താവന, അമേരിക്കയുടെ യുദ്ധക്കൊതിയെയാണ് വീണ്ടും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നത്. അമേരിക്ക മുന്നോട്ട് വെക്കുന്ന ഏകപക്ഷീയമായ സമാധാന കരാര്‍ അതേപടി അംഗീകരിച്ചില്ലെങ്കില്‍ ”ഇറാനില്‍ ഒന്നും അവശേഷിക്കില്ല” എന്ന ട്രംപിന്റെ അന്ത്യശാസനം ഒരു പരമാധികാര രാഷ്ട്രത്തിന് നേരെ നടത്തുന്ന നഗ്‌നമായ കടന്നുകയറ്റമാണ്. എന്നാല്‍, പതിറ്റാണ്ടുകളായി തങ്ങള്‍ക്ക് നേരെ അമേരിക്ക അഴിച്ചുവിട്ട സാമ്പത്തിക ഉപരോധങ്ങളെയും സൈനിക ഭീഷണികളെയും അതിജീവിച്ച ഇറാന്റെ ചരിത്രം വ്യക്തമാക്കുന്നത്, അത്തരം വെല്ലുവിളികള്‍ക്ക് മുന്നില്‍ ഇറാന്‍ അത്ര പെട്ടെന്ന് കീഴടങ്ങില്ല എന്ന് തന്നെയാണ്.

മെയ് 18 തിങ്കളാഴ്ച രാത്രി ഇറാനെതിരെ വലിയൊരു ആക്രമണം നടത്താന്‍ അമേരിക്ക പദ്ധതിയിട്ടിരുന്നെങ്കിലും അവസാന നിമിഷം അതില്‍ നിന്നും പിന്മാറാന്‍ ട്രംപ് നിര്‍ബന്ധിതനായി. സൗദി അറേബ്യ, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടലാണ് ഇതിന് കാരണമായി ട്രംപ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ് ഇറാനെതിരെ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അത് മിഡില്‍ ഈസ്റ്റിനെയാകെ ചാരമാക്കുമെന്നും, തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങളെയും എണ്ണ വിപണിയെയും അത് ദോഷകരമായി ബാധിക്കുമെന്നും ഈ രാജ്യങ്ങള്‍ ഭയപ്പെടുന്നു. ഇറാനെതിരെയുള്ള ആക്രമണം കേവലം ഒരു മണിക്കൂര്‍ അകലെയായിരുന്നു എന്ന ട്രംപിന്റെ അവകാശവാദം സ്വന്തം സൈനിക മേധാവിത്വം സ്ഥാപിച്ചെടുക്കാനുള്ള വെറും തന്ത്രം മാത്രമാണ്. ഒരു വശത്ത് നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തന്നെ മറുവശത്ത് യുദ്ധഭീഷണി മുഴക്കുന്നത് അമേരിക്കയുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *