മെറ്റയില്‍ വീണ്ടും വന്‍ പിരിച്ചുവിടല്‍ എണ്ണായിരത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യത

ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയില്‍ അടുത്ത ആഴ്ച വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ജീവനക്കാര്‍ വലിയ ആശങ്കയിലും അസ്വസ്ഥതയിലുമാണ്. കമ്പനിയുടെ ചീഫ് പീപ്പിള്‍ ഓഫീസറായ ജാനെല്‍ ഗെയില്‍ ജീവനക്കാര്‍ക്ക് അയച്ച ആഭ്യന്തര മെമ്മോ പ്രകാരം, മെറ്റ തങ്ങളുടെ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഇതോടെ ആഗോളതലത്തില്‍ ഏകദേശം എണ്ണായിരത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബാധിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കുമെന്ന ആശങ്ക കമ്പനിക്കുള്ളില്‍ വ്യാപകമായി പടരുകയാണ്.

നിര്‍മ്മിത ബുദ്ധി മേഖലയിലെ വന്‍ നിക്ഷേപങ്ങള്‍ക്കായി ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ ഭാഗത്തുനിന്ന് കടുത്ത അസംതൃപ്തിയാണ് ഉയരുന്നത്. ജോലി നഷ്ടപ്പെടുമോ എന്ന ഭയം, ശമ്പള വ്യത്യാസങ്ങള്‍ വര്‍ധിക്കുന്നത്, സ്ഥാപനത്തിനകത്തെ നിരീക്ഷണ സംവിധാനം ശക്തമാകുന്നത് എന്നിവ ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ആശങ്കയോടെ തുടരുന്നതിനെക്കാള്‍ പിരിച്ചുവിടപ്പെടുകയും നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് ചില ജീവനക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ കമ്പനിയില്‍ ആരും സന്തോഷത്തോടെ ജോലി ചെയ്യുന്നില്ലെന്നും, മാനേജ്മെന്റ് വൈകിക്കാതെ അന്തിമ തീരുമാനം എടുക്കണമെന്നുമാണ് ഭൂരിഭാഗം പേരുടെയും നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *