അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്നു. ഈ മാസം 23 മുതല്‍ 26 വരെ നീളുന്ന നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ കൊല്‍ക്കത്ത, ആഗ്ര, ജയ്പുര്‍, ഡല്‍ഹി എന്നീ നഗരങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം ഇതാദ്യമായാണ് മാര്‍ക്കോ റൂബിയോ ഇന്ത്യ സന്ദര്‍ശിക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് ഈ നയതന്ത്ര സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. മെയ് 22-ന് സ്വീഡനിലെ ഹെല്‍സിന്‍ബോര്‍ഗില്‍ നടക്കുന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമായിരിക്കും റൂബിയോ ഇന്ത്യയിലേക്ക് തിരിക്കുക.
ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായും ഭരണകര്‍ത്താക്കളുമായും മാര്‍ക്കോ റൂബിയോ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സുരക്ഷ, ഊര്‍ജ്ജം എന്നീ മേഖലകളിലെ തുടര്‍സഹകരണവും തന്ത്രപ്രധാനമായ പങ്കാളിത്തവും ശക്തിപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചകളുടെ പ്രധാന ലക്ഷ്യം. നയതന്ത്രപരമായും സാമ്പത്തികമായും ഇരുരാജ്യങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ളതാണ് ഈ ചര്‍ച്ചകള്‍.