വിഐപികളും ക്യാമറയില്‍ കുടുങ്ങി കൊച്ചിയില്‍ 6 മാസത്തിനിടെ 64 നിയമലംഘനം

കൊച്ചിയിലെ റോഡുകളില്‍ ഗതാഗത നിയമലംഘനം നടത്തുന്നവരില്‍ വിഐപി വാഹനങ്ങളും മുന്‍പന്തിയിലുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയിലെ 64 എഐ ക്യാമറകളില്‍ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ അറുപതോളം വിഐപി വാഹനങ്ങളാണ് നിയമലംഘനത്തിന് കുടുങ്ങിയത്. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ കൂടി ചേരുമ്പോള്‍ ഇത് നൂറ്റിയെണ്‍പതോളം വരും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, അമിതവേഗം എന്നിവയാണ് ഇവരില്‍ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങള്‍. ആവര്‍ത്തിച്ച് നിയമലംഘനം നടത്തുകയും നിരവധി തവണ നോട്ടീസ് അയച്ചിട്ടും പിഴ അടയ്ക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജില്ലയിലെ പ്രമുഖരുടെ വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ക്യാമറകള്‍ വഴി ഇ-ചലാന്‍ തയ്യാറാക്കുന്ന പ്രക്രിയ പൂര്‍ണ്ണമായും സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായതിനാല്‍ ഇത്തരം നിയമലംഘനങ്ങളില്‍ സ്വാധീനമുപയോഗിച്ച് ഇടപെടലുകള്‍ നടത്താനോ ആരെയും ഒഴിവാക്കാനോ സാധിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. പിഴ കുടിശിക വരുത്തുന്ന ബ്ലാക്ക് ലിസ്റ്റഡ് വാഹനങ്ങള്‍ക്ക് ഉടമസ്ഥാവകാശം കൈമാറല്‍, രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ യാതൊരുവിധ ആര്‍ടിഒ സേവനങ്ങളും ലഭ്യമാകില്ല. എന്നാല്‍ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ പല ജനപ്രതിനിധികളും തങ്ങളുടെ കുടിശികകള്‍ പൂര്‍ണ്ണമായി അടച്ചുതീര്‍ക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *