ഓസ്ട്രേലിയയിലെ അഡെലെയ്ഡില്‍ മസാജ് പാര്‍ലറിലെത്തിയ അറുപതിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി സൂക്ഷിക്കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ ഉഴിച്ചില്‍കാരന് കഠിനതടവ്. ഡല്‍ഹി സ്വദേശിയായ സുമിത് സതീഷ് റസ്ത്തോഗി (39) എന്നയാളെയാണ് സൗത്ത് ഓസ്ട്രേലിയ ജില്ലാ കോടതി 13 വര്‍ഷവും 10 മാസവും തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷാ കാലാവധിയില്‍ പത്തുവര്‍ഷവും പത്തുമാസവും ഇയാള്‍ക്ക് പരോള്‍ അനുവദിക്കില്ലെന്ന് ജഡ്ജി കാര്‍മെന്‍ മാറ്റിയോ വ്യക്തമാക്കി. തടവുശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ഓസ്ട്രേലിയയില്‍നിന്ന് നാടുകടത്താനാണ് സാധ്യത.
അഡെലെയ്ഡിലെ ഗ്ലെനെല്‍ഗിലുള്ള ഒരു പ്രമുഖ മസാജ് പാര്‍ലറില്‍ വെച്ച് 2021 ഒക്ടോബര്‍ മുതല്‍ 2022 ജൂലൈ വരെയുള്ള ഒന്‍പത് മാസക്കാലയളവിലാണ് പ്രതി സ്ത്രീകളെ ക്രൂരമായി ചൂഷണം ചെയ്തത്. 42 അതിക്രമക്കേസുകളും 55 രഹസ്യ ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുകളും ഉള്‍പ്പെടെ 97 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. മസാജിനെത്തുന്ന സ്ത്രീകളുടെ വിശ്വാസം മുതലെടുത്ത് മോശമായ രീതിയില്‍ സ്പര്‍ശിച്ചും അടിവസ്ത്രങ്ങള്‍ക്കുള്ളില്‍ കൈക്കടത്തിയുമായിരുന്നു അതിക്രമം. പീഡനത്തിന് ഇരയായ സ്ത്രീകളില്‍ ഭൂരിഭാഗവും തങ്ങള്‍ക്കുണ്ടായ മാനസിക ആഘാതങ്ങള്‍ കോടതിയില്‍ തുറന്നുപറഞ്ഞു. ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ പാര്‍ലറിലെത്തി പീഡനത്തിനിരയായ ഒരു സ്ത്രീ, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നാളുകള്‍ ഇയാള്‍ കാരണം ഭയാനകമായ ഓര്‍മ്മയായി മാറിയെന്ന് വെളിപ്പെടുത്തി. മറ്റൊരു സ്ത്രീ, പുരുഷന്മാരായ ആരോഗ്യപ്രവര്‍ത്തകരില്‍ പോലും തനിക്ക് പൂര്‍ണ്ണമായും വിശ്വാസം നഷ്ടപ്പെട്ടതായി കോടതിയെ അറിയിച്ചു.