അബു മഹ്ദി, ഖാദര്‍, നൂര്‍, നാസര്‍, ഖലീജ് ഫാര്‍സ്, ഹോര്‍മുസ്-1, ഹോര്‍മുസ്-2, സുല്‍ഫിക്കര്‍ ബാസിര്‍… ഇന്ന് പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ പോലും ജാഗ്രതയോടെ സഞ്ചരിക്കാന്‍ കാരണമാകുന്ന പേരുകളാണിവ. ചിലത് സമുദ്രനിരപ്പിനോട് ചേര്‍ന്ന് റഡാറുകളെ വെട്ടിച്ച് പറക്കും, ചിലത് ഹൈപ്പര്‍സോണിക് വേഗത്തില്‍ ആകാശത്ത് നിന്ന് പതിക്കും, മറ്റുചിലത് ശത്രു കപ്പലുകളുടെ റഡാര്‍ സിഗ്‌നലുകള്‍ പിന്തുടര്‍ന്ന് നേരെ മരണമായി എത്തും. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ലോകത്തിന്റെ എണ്ണവ്യാപാരത്തെ പോലും നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ ശൃംഖലയിലൂടെ ഇറാന്‍ ഇന്ന് വെറും ഒരു പ്രാദേശിക ശക്തിയല്ല, ആഗോള നാവിക ആധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന ശക്തിയായി മാറുകയാണ്.
ലോകത്തിന്റെ എണ്ണസമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിലൂടെ തന്നെയാണ് ആഗോള ക്രൂഡ് ഓയില്‍ ഗതാഗതത്തിന്റെ ഏകദേശം അഞ്ചില്‍ ഒരു ഭാഗം ദിവസേന കടന്നുപോകുന്നത്. ചിലയിടങ്ങളില്‍ വെറും 40 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഈ ഇടുങ്ങിയ സമുദ്രപാത ഇന്ന് ഒരു ”തീക്കുഴല്‍” പോലെ മാറിക്കഴിഞ്ഞു. കാരണം, ഇതിനെ ചുറ്റിപ്പറ്റിയാണ് ഇറാന്‍ ലോകത്തെ ഏറ്റവും അപകടകരമായ നാവിക മിസൈല്‍ വേട്ടവല പണിതിരിക്കുന്നത്. 1,000 കിലോമീറ്ററിലേറെ ദൂരത്തില്‍ നിന്ന് വേട്ടയാടുന്ന അബു മഹ്ദി മിസൈലുകള്‍, സമുദ്രനിരപ്പിനോട് ചേര്‍ന്ന് റഡാറുകളെ വെട്ടിച്ച് നീങ്ങുന്ന ഖാദര്‍, നൂര്‍ ക്രൂയിസ് മിസൈലുകള്‍, ആകാശത്തിന്റെ ഉയരങ്ങളില്‍ നിന്ന് ഹൈപ്പര്‍സോണിക് വേഗത്തില്‍ പതിക്കുന്ന ഖലീജ് ഫാര്‍സ്, ഹോര്‍മുസ് സീരീസ് ബാലിസ്റ്റിക് മിസൈലുകള്‍ , ഇതെല്ലാം ഒരേസമയം ആക്രമണത്തിനിറങ്ങുമ്പോള്‍ ഹോര്‍മുസ് കടലിടുക്ക് ഒരു സമുദ്രമാര്‍ഗമല്ല, ലോകശക്തികള്‍ക്കുള്ള മരണവലയമായി മാറുന്നു.
ഇറാന്റെ കപ്പല്‍വേധ ക്രൂയിസ് മിസൈല്‍ ശൃംഖല വിവിധ പാളികളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. നാസര്‍, സഫര്‍ പോലുള്ള ഹ്രസ്വദൂര മിസൈലുകള്‍ ചെറിയ അതിവേഗ ആക്രമണ ബോട്ടുകളിലും ഹെലികോപ്റ്ററുകളിലും വരെ ഘടിപ്പിക്കാനാകും. ”സ്വാം ടാക്റ്റിക്‌സ്” എന്നറിയപ്പെടുന്ന കൂട്ടത്താക്രമണ രീതിക്കായിട്ടാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിരവധി ചെറു ബോട്ടുകള്‍ വിവിധ ദിശകളില്‍ നിന്ന് ഒരേസമയം ആക്രമണം നടത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്കുപോലും വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരും.
ഇടത്തരം ദൂരപരിധിയുള്ള നൂര്‍, ഖാദര്‍ മിസൈലുകളാണ് ഇറാന്റെ തീരദേശ പ്രതിരോധത്തിന്റെ നട്ടെല്ല്. റഡാറുകള്‍ക്ക് കണ്ടെത്താന്‍ പ്രയാസമുള്ള വിധത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് വളരെ താഴ്ന്ന ഉയരത്തിലാണ് ഇവ സഞ്ചരിക്കുന്നത്. അവസാന നിമിഷം വരെ ശത്രു കപ്പലുകള്‍ക്ക് ഭീഷണി മനസ്സിലാകാത്ത വിധത്തിലാണ് ഈ മിസൈലുകളുടെ സഞ്ചാരരീതി. പ്രത്യേകിച്ച് 300 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഖാദര്‍ മിസൈലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിക്കുന്ന യുദ്ധക്കപ്പലുകള്‍ക്ക് സ്ഥിരമായ ഭീഷണിയാണ്.
ഇറാന്റെ ഏറ്റവും വലിയ സാങ്കേതിക മുന്നേറ്റമായി കണക്കാക്കപ്പെടുന്നത് അബു മഹ്ദി മിസൈലാണ്. 1,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ അറേബ്യന്‍ കടലിലെയും വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും കപ്പലുകളെ വരെ ലക്ഷ്യമിടാന്‍ കഴിവുള്ളതാണ്. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പറക്കല്‍ പാത മാറ്റാനും റഡാര്‍ കണ്ടെത്തല്‍ ഒഴിവാക്കാനും കഴിയുന്ന അബു മഹ്ദി, ”സാച്ചുറേഷന്‍ സ്‌ട്രൈക്ക്” രീതിയില്‍ ഒരേസമയം നിരവധി മിസൈലുകള്‍ ഏകോപിപ്പിച്ച് ആക്രമിക്കാന്‍ ശേഷിയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.