തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി യു.ഡി.എഫ് നേതാവ് വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ മന്ത്രിസഭയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 14 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 20 മന്ത്രിമാരാണ് ഇന്ന് സതീശനൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. രാജ്ഭവന്റെ കര്‍ശന പ്രോട്ടോക്കോള്‍ അനുസരിച്ച് സത്യപ്രതിജ്ഞാ വേദിയില്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രി പ്രമുഖര്‍ക്കും പുറമെ നിയുക്ത മന്ത്രിമാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.