തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള ട്രഷറി ഇടപാടുകള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഇന്ന് രാവിലെ മുതല്‍ നെറ്റ്വര്‍ക്ക് തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് യാതൊരു വിധ സാമ്പത്തിക ഇടപാടുകളും നടത്താന്‍ സാധിക്കുന്നില്ല. സോഫ്റ്റ്വെയര്‍ പ്രശ്‌നമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക വിശദീകരണം.
ഇടപാടുകള്‍ മാത്രമല്ല, ട്രഷറി ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്ന ബയോമെട്രിക് സിസ്റ്റം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. പെന്‍ഷന്‍ വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി രാവിലെ തന്നെ ട്രഷറികളിലെത്തിയ മുതിര്‍ന്ന പൗരന്മാരടക്കമുള്ളവര്‍ ഇതോടെ വലിയ ദുരിതത്തിലായി.
രണ്ട് ദിവസം മുന്‍പും സമാനമായ രീതിയില്‍ സംസ്ഥാനത്തെ ട്രഷറി പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക തടസ്സം നേരിട്ടിരുന്നു. അന്ന് മണിക്കൂറുകള്‍ക്ക് ശേഷം പ്രശ്‌നം പരിഹരിച്ചെങ്കിലും ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ സ്തംഭനം നീണ്ടുപോകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. നെറ്റ്വര്‍ക്ക് പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥരെന്ന് അധികൃതര്‍ വ്യക്തമാക്കി.