അടൂര്‍: വന്യജീവിയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അടൂര്‍ തെങ്ങമം പൗര്‍ണമി ജങ്ഷന്‍ അനില്‍ ഭവനത്തില്‍ താമരാക്ഷി(75) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ വീടിന് സമീപത്തെ പറമ്പില്‍ നില്‍ക്കുമ്പോഴായിരുന്നു പന്നിയുടെ ആക്രമണം ഉണ്ടായത്.
താമരാക്ഷിയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. പറമ്പില്‍ നിന്ന് നിലവിളി ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ അവശയായി കിടക്കുകയായിരുന്നു ഇവര്‍. ഉടന്‍ തന്നെ ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവര്‍ അവിടെ ചികിത്സയിലാണ്. പ്രദേശത്ത് പന്നി ശല്യം വര്‍ധിച്ചു വരുന്നതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.