രാജപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനില്‍ക്കെ വീടുകള്‍ കയറിയിറങ്ങി ഫോണ്‍ ആപ്പ് വഴി ശൈലി സര്‍വ്വേ നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ ദുരിതത്തിലാണ്. ഒരു വീട്ടിലെ തന്നെ സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കുറിലധികം സമയം വേണം. എല്ലാ ചോദ്യത്തിനും കൃത്യമായ ഉത്തരം നല്‍കിയാലേ സര്‍വ്വേ പൂര്‍ത്തിയാവൂ .ഉഷ്ണ തരംഗ മുന്നറിയിപ്പും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം നല്‍കിയിട്ടും ആശമാര്‍ക്ക് പൊരി വെയിലത്താണ് .ഇതൊന്നും ആശമാര്‍ക്ക് ബാധകമല്ലെന്നാണ് അധികൃതരുടെ നിലപാട് .പല ആശാമാര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും ഉണ്ട്. സര്‍വ്വേ നടത്തുന്നതും സ്വന്തം ഫോണിലാണ്. നെറ്റ് വര്‍ക്ക് കിട്ടാത്തത് കൊണ്ടും സാങ്കേതിക കാരണങ്ങള്‍ കൊണ്ടും ചെയ്യാന്‍ പറ്റാതായാലൂം പോയ വീടുകളിലും പലതവണ കയറി ഇറങ്ങേണ്ടി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പോളിയോയുടെയും രണ്ടു വര്‍ഷത്തെ ലെപ്രസി സര്‍വ്വേയുടെയും പൈസ ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു. 2021 മുതലുള്ള ജനനി സുരക്ഷയുടെ പൈസയും കിട്ടാനുണ്ട്. ശൈലി പെട്ടെന്ന് ചെയ്തു തീര്‍ക്കാത്തതില്‍ ആശാമാര്‍ക്കും മാനസിക സമ്മര്‍ദ്ദവും ഏറുന്നുവെന്ന് ഇവര്‍ പറയുന്നു.