മകളുടെ കൊലപാതകത്തിന് പ്രതികാരം; പ്രതിയെ വെട്ടിക്കൊന്ന് പിതാവ് കീഴടങ്ങി

മകളെ വെട്ടിക്കൊന്ന യുവാവിനെ അഞ്ചുമാസത്തെ കാത്തിരിപ്പിനൊടുവില്‍ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂര്‍ മേലകാലക്കുടിയില്‍ ജാമ്യത്തിലിറങ്ങിയ അജിത് കുമാര്‍ (29) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കാവ്യയുടെ പിതാവ് പുണ്യമൂര്‍ത്തിയും (53) മൂന്ന് ബന്ധുക്കളും ചോരപുരണ്ട ആയുധങ്ങളുമായി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി.

ആലങ്കുടി ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്‌കൂളിലെ അധ്യാപികയായിരുന്ന കാവ്യയും പെയിന്റിംഗ് തൊഴിലാളിയായ അജിത് കുമാറും പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തെ പുണ്യമൂര്‍ത്തി എതിര്‍ത്തു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കാവ്യ മറ്റൊരു വിവാഹത്തിന് സമ്മതിക്കുകയും നിശ്ചയത്തിന്റെ ചിത്രം അജിത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ അജിത്, കഴിഞ്ഞ നവംബറില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മകളുടെ കൊലപാതകത്തിന് ശേഷം ജയിലിലായ അജിത് കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്. അജിത് പുറത്തിറങ്ങുന്നത് കാത്തിരുന്ന പുണ്യമൂര്‍ത്തി, ശനിയാഴ്ച പുലര്‍ച്ചെ ബന്ധുക്കളായ ലോകേഷ് (22), രാമലിംഗം (30), കറുപ്പയ്യ (55) എന്നിവര്‍ക്കൊപ്പം അജിത്തിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. മാരകമായി വെട്ടേറ്റ അജിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം നാലുപേരും അമ്മപ്പേട്ട പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *