ചൂടില്‍ വെന്തുരുകി നാട്; ആശ്വാസമായി വേനല്‍മഴ വരുന്നു, ബുധനാഴ്ച നാല് ജില്ലകളില്‍ ജാഗ്രത

സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂട് തുടരുന്നതിനിടയില്‍ ആശ്വാസമായി വേനല്‍മഴ എത്തുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുകയാണ്. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും മറ്റ് ജില്ലകളില്‍ 36 മുതല്‍ 37 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടാം. വായുവിലെ ഈര്‍പ്പവും ഉയര്‍ന്ന ചൂടും കാരണം മലയോര മേഖലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച വേനല്‍മഴ ചൂടിന് നേരിയ ആശ്വാസം നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ മഴ കൂടുതല്‍ സജീവമാകുമെന്നും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നുമാണ് പ്രവചനം. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും കോട്ടയത്തുമാണ് ജാഗ്രതാ നിര്‍ദ്ദേശമുള്ളത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *