ഒഡീഷയിലെ ഭുവനേശ്വറില്‍ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എം.ബി.എ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 67-കാരനായ വ്യാപാരി പിടിയിലായി. ഭുവനേശ്വര്‍ ഗംഗപാദയില്‍ പലചരക്ക് കട നടത്തുന്ന ദീപക് പ്രധാന്‍ എന്നയാളെയാണ് ഇന്‍ഫോ വാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഛത്തീസ്ഗഡ് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഏപ്രില്‍ 24-ന് പെണ്‍കുട്ടിക്കൊപ്പം താമസിക്കുന്ന സുഹൃത്ത് പുറത്തുപോയ തക്കം നോക്കിയാണ് ദീപക് പ്രധാന്‍ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറിയത്. സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഫോ വാലി പൊലീസ് കേസെടുക്കുകയും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.
ബി.എന്‍.എസ് സെക്ഷന്‍ 64(1), 62 എന്നിവ പ്രകാരം ബലാത്സംഗ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയും മറ്റ് സാഹചര്യ തെളിവുകളിലൂടെയും പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായും പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
അതീവ സുരക്ഷയുണ്ടാകേണ്ട വനിതാ ഹോസ്റ്റലിനുള്ളിലേക്ക് ഒരു പുറത്തുനിന്നുള്ള വ്യക്തിക്ക് ഇത്ര എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് പൊലീസ് വിലയിരുത്തുന്നു. ഹോസ്റ്റല്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും.