പാലക്കുന്ന്: നിര്‍ദിഷ്ട റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ പാലക്കുന്നിലെ റെയില്‍വേ ഗേറ്റ് സ്ഥിരമായി അടച്ചിടേണ്ടി വന്നാല്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാര അനുഷ്ഠാനങ്ങള്‍ക്ക് മുടക്കം വരുമോ എന്ന ആശങ്കയില്‍ ഭക്തജനങ്ങള്‍.
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ടുത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ് ആറാട്ടുകടവിലെ നീരാട്ടും കരിപ്പോടി വനശാസ്ത ക്ഷേത്രത്തിലെ ചടങ്ങുകളും. നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ആറാട്ടുകടവിലേക്കുള്ള ആറാട്ട് എഴുന്നള്ളത്ത് കടന്നു പോകുന്നത് കോട്ടിക്കുളം റെയില്‍വേ പ്ലാറ്റുഫോമിനെ രണ്ടായി പകുത്തു പോകുന്ന റെയില്‍പാളം റോഡിലൂടെയാണ്. ആറാട്ട് എഴുന്നള്ളത്തിനെ വരവേല്‍ക്കാന്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ ആചാരസ്ഥാനികര്‍ ‘വന്ദന ‘ ചെയ്യേണ്ടതുണ്ട് . കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കെട്ടിചുറ്റിയ നര്‍ത്തകന്മാരുടെ ‘എതിരേല്‍പ്പും’ കഴിഞ്ഞ് അകമ്പടിയോടെയാണ് ഈ റെയില്‍പാതയിലൂടെ എഴുന്നള്ളത്ത് ആറാട്ടുകടവിലേക്ക് യാത്ര തുടരുന്നത് . അതേ വഴിയിലൂടെ മടക്കയാത്രയില്‍ പാലക്കുന്ന് ഭണ്ഡാര വീട്ടില്‍ നിന്ന് കെട്ടിച്ചുറ്റിയ ദേവനര്‍ത്തകരും തിരുവായുധങ്ങളും മേലാപ്പുമായി എഴുന്നള്ളത്തിനെ തൃക്കണ്ണാടിലേക്ക് അകമ്പടി സേവിക്കും.(തൃക്കണ്ണാട് ആറാട്ടിനു കൊടിയിറങ്ങി പ്രതീകാത്മകമായി കമ്പയും കയറും മറ്റും സ്വീകരിച്ച് പാലക്കുന്ന് ഭരണിക്ക് കൊടിയേറ്റുന്നതാണ് പതിവ് ചടങ്ങ് ) ആറാട്ട് എഴുന്നള്ളത്തിന് പാലക്കുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര റെയില്‍പാതയിലൂടെയാണ്. ട്രെയിനുകള്‍ പോകുന്ന നേരം ഗേറ്റ് തുറന്നു കിട്ടും വരെ ആറാട്ട് എഴുന്നള്ളത്ത് അപ്പുറം കടക്കാനുള്ള കാത്തിരിപ്പ് പതിവാണെങ്കിലും അതേപറ്റി ആര്‍ക്കും പരാതിയില്ല. അത് സുരക്ഷയുടെ ഭാഗമാണ്. പക്ഷേ മേല്‍പ്പാലം പണി പൂര്‍ത്തിയായാല്‍ പാലക്കുന്ന് ഗേറ്റ് സ്ഥിരമായി അടക്കേണ്ടി വരുമ്പോള്‍ പരമ്പരാഗതമായി ആറാട്ട് എഴുന്നള്ളത്തിനുള്ള ‘വന്ദനകഴിക്കലും’ ആറാട്ട് എഴുന്നള്ളത്തിന്റെ തുടര്‍യാത്രയും കീഴ് വഴക്ക പ്രകാരം പാലക്കുന്ന് ഭണ്ഡാര വീട്ടില്‍നിന്ന് മടക്കയാത്രയോടൊപ്പമുള്ള അകമ്പടിയും മുടങ്ങാന്‍ പാടില്ലെന്നാണ് ഭക്തര്‍ക്ക് പറയാനുള്ളത്.
അഡ്വ. കെ. ബാലകൃഷ്ണന്‍
(പ്രസിഡന്റ്, പാലക്കുന്ന് കഴകം)
നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ആറാട്ട് എഴുന്നള്ളത്തിന്റെ നിലവിലുള്ള സാമ്പ്രദായിക ചടങ്ങുകള്‍ നിലനിര്‍ത്താനുള്ള നടപടികള്‍ കൈകൊള്ളണം . ജാതിഭേദമന്യേ ഈ നാട്ടിലെ സര്‍വരും നെഞ്ചോട് ചേര്‍ക്കുന്ന ഉത്സവങ്ങളാണ് തൃക്കണ്ണാട് ആറാട്ടും പാലക്കുന്ന് ഭരണിയും. ജനങ്ങളുടെ വികാരം വ്രണപ്പെടുത്താതെ ഈ വിഷയം ൃപരിഹരിക്കണം. പ്രായോഗിക നിര്‍ദേശം ഇങ്ങനെ: എ. കെ. റോഡുമായി ബന്ധിപ്പിക്കുന്ന നിലവിലുള്ള റെയില്‍വേ ഗേറ്റ് വര്‍ഷത്തില്‍ ഒരു ദിവസം ആറാട്ടു എഴുന്നള്ളത്തിന്റെ തുടര്‍യാത്രയ്ക്കായി മാത്രം തുറന്നുകൊടുക്കുക. അല്ലെങ്കില്‍ പടിഞ്ഞാറു ഭഗത്തെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള ഗേറ്റ് ആറാട്ടുഎഴുള്ളത്ത് സമയത്ത് തുറന്നുകൊടുത്ത് പ്ലാറ്റ്‌ഫോമില്‍ നിന്ന് നിര്‍ദിഷ്ട മേല്‍പ്പാലത്തിലേക്ക് കയറാനുള്ള വഴിയൊരുക്കിയാല്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തികൊണ്ട് എഴുന്നള്ളത്തിന് കടന്ന് പോകാന്‍ സാധിക്കും.