പാലക്കുന്നില്‍ കുട്ടി
വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ആഘോഷമാകുമ്പോള്‍ അത് നാട്ടുകൂട്ടായ്മയുടെ വിജയമാണെന്ന് നമുക്ക് ഉറക്കെ പറയാം. ആ കൂട്ടായ്മയുടെ അമരത്തിരുന്ന് അതിനെ നയിക്കാന്‍ കെല്‍പ്പുള്ള ഒരു നായകന്‍ മുന്നിലുണ്ടെങ്കില്‍ നാള്‍വഴികളിലെ മുള്ളും ചില്ലും വഴിമാറ്റി നേര്‍വഴിയിലേ യ്ക്ക് തന്നെ നീങ്ങും. അതായിരിക്കും ഏത് സംരംഭവും വിജയത്തിലെത്തിക്കുന്നതിലെ സൂത്രവാക്യം. മൂന്നോ നാലോ ദിവസങ്ങള്‍ മാത്രം നീളുന്ന തെയ്യം കെട്ടിന് വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്റെയും ഒരു വര്‍ഷത്തിലേറെയുള്ള കഠിനമായ തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ മറക്കളത്തില്‍ തിരി തെളിയിക്കുന്നത്.
40- 50 ലക്ഷം രൂപ പണമായി മാത്രം ഒരു തെയ്യം കെട്ടിനായി അതത് തറവാട്ടുകാര്‍ ചെലവാക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് . കിഴക്കന്‍ മേഖലകളില്‍ താരതമ്യേന ഈ ചെലവ് ചുരുങ്ങും. ചെലവുകള്‍ ചുരുക്കി തെയ്യംകെട്ടുകള്‍ നടത്തണമെന്ന് ചില കോണുകളില്‍ നിന്ന് അഭിപ്രായം ഉയരാറുണ്ടെങ്കിലും അതിനിപ്പോള്‍ വലിയ പ്രസക്തി ഇല്ലെന്ന് വേണം കരുതാന്‍. ‘അവിടത്തെ’ തെയ്യംകെട്ടിനേക്കാള്‍ മികച്ചതായിരിക്കണം ‘ഞങ്ങളുടെത്’ എന്ന തോന്നലും ഓരോ വര്‍ഷം പിന്നിടുമ്പോള്‍ അനുബന്ധമായി ഉണ്ടാവുന്ന സാധന, സാമഗ്രികളുടെ വിലവര്‍ദ്ധനവും മൂലം ചെലവുകള്‍ കൂടിക്കൂടി വരുന്നതാണ് നിലവിലെ സാഹചര്യം. വാല്യക്കാര്‍ സേവനമായി ചെയ്യുന്ന കായികമായ ‘അധ്വാനത്തിന്റെ വില’ കണക്ക്പുസ്തകത്തില്‍ ഇടം പിടിക്കാതെ വിയര്‍പ്പായിപോകുന്നുമുണ്ട്.
തെയ്യംകെട്ടുകള്‍ വാര്‍ഷികാഘോഷമല്ല
ക്ഷേത്രങ്ങളിലും കാവുകളിലും നടത്തപ്പെടുന്നത് പോലെയുള്ള വാര്‍ഷികാഘോഷ ഉത്സവമല്ലല്ലോ തറവാടുകളിലെ വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍. തെയ്യംകെട്ട് നടത്തിയിരിക്കണം എന്ന രീതിയില്‍ അതിനായി പ്രത്യേകം തീയതികള്‍ എവിടെയും കുറിക്കപ്പെട്ടിട്ടില്ല. അതത് തറവാട് ഇഷ്ടമാണത് . പാലക്കുന്ന് കഴകത്തില്‍ വര്‍ഷത്തില്‍ രണ്ട് തെയ്യംകെട്ടുകള്‍ക്കാണ് നിലവില്‍ അനുവാദം നല്‍കിവരുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ക്ഷേത്ര മഹാസഭയില്‍ വര്‍ഷത്തില്‍ ഒരു തെയ്യംകെട്ട് മതിയെന്ന തീരുമാനമുണ്ടായിരുന്നുവെങ്കിലും കോവിഡ് മൂലം നേരത്തേ നിശ്ചയിച്ച തെയ്യംകെട്ടുകള്‍ പോലും നടത്താനായില്ല. അന്ന് നടക്കാതെ പോയതും കോവിഡിന് ശേഷം നടത്താന്‍ മുന്‍കൂട്ടി അനുവാദം നല്‍കേണ്ടി വന്നതും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ രണ്ടുവീതം തെയ്യംകെട്ടുകള്‍ എന്ന രീതിയിലേക്ക് മാറുകയായിരുന്നു.
പാലക്കുന്ന് കഴകത്തില്‍ മാത്രം ദേവസ്ഥാനങ്ങള്‍ അടക്കം 123 വയനാട്ടുകുലവന്‍ തറവാടുകളുണ്ട് . ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളവ വേറെയും. കഴകത്തില്‍ 2031 വരെ വര്‍ഷത്തില്‍ രണ്ട്
വീതം തറവാടുകള്‍ക്ക് തെയ്യംകെട്ട് നടത്താനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. തുടര്‍ന്ന് നടത്തേണ്ടവരുടെ അപേക്ഷ ഫയലില്‍ വേറെയുമുണ്ട്.
നാടിന്റെ ഉത്സവം
തറവാട്ടില്‍ തെയ്യംകെട്ട് നിശ്ചയിച്ചു കഴിഞ്ഞാല്‍ അത് ആ നാടിന്റെ ഉത്സവമായി ജനങ്ങള്‍ സ്വയം ഏറ്റെടുക്കുന്നതാണ് രീതി. തെയ്യംകെട്ടുത്സവം എവിടെയായാലും അതെല്ലാം വിജയമാകുന്നതിന്റെ സ്വഭാവികതയും അത് തന്നെയാണ്. തെയ്യംകെട്ട് നടത്താനുള്ള അനുവാദം കഴകത്തില്‍ നിന്ന് ലഭിച്ചാല്‍ തറവാട് കമ്മിറ്റിയും ആ തറവാട് നിലകൊള്ളുന്ന പ്രാദേശിക സമിതിയും ആലോചിച്ച് ആഘോഷ കമ്മിറ്റിയ്ക്ക് രൂപം നല്‍കി അതിന് കഴകത്തിന്റെ അംഗീകാരം നേടും. തെയ്യംകെട്ടിന് അഞ്ചാറു മാസം മാസം മുന്‍പ് തറവാട് അങ്കണത്തില്‍ ആഘോഷകമ്മിറ്റി രൂപീകരണയോഗം ചേര്‍ന്ന് രാശി ചിന്ത നടത്തി ദേവഹിതം അറിയും. തെയ്യം കെട്ടുമായി തറവാട്ടില്‍ ആദ്യം നടക്കുന്ന പൊതു പരിപാടി യായിരിക്കും ആഘോഷകമ്മിറ്റി രൂപീകരണം. കഴകത്തിനും തെയ്യംകെട്ട് നടക്കുന്ന അതത് പ്രാദേശിക സമിതിക്കും തറവാട്ടുകാര്‍ക്കും ആഘോഷകമ്മിറ്റിയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കും. ഭാരവാഹികള്‍, ചൂട്ടൊപ്പിക്കുന്ന ആള്‍, ഏറ്റുകാരന്‍, കലവറ സൂക്ഷിപ്പുകാര്‍ തുടങ്ങിയവരുടെ പേരുകള്‍ പ്രശ്‌ന ചിന്തയിലൂടെ ദേവഹിതം അറിഞ്ഞ ശേഷം അന്ന് പ്രഖ്യാപിക്കും. സന്നിഹിതരായ ആയിരങ്ങള്‍ക്ക് അന്ന് ഭക്ഷണം വിളമ്പും. ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. മാതൃസമിതി കൂട്ടായ്മകളുടെ സേവനം തെയ്യംകെട്ട് വിജയത്തില്‍ പ്രത്യേക സ്ഥാനമുണ്ടാകും.
ജില്ലയില്‍ ഈ വര്‍ഷത്തെ തെയ്യംകെട്ടുകളില്‍ അവസാനത്തെ ഉത്സവം പാടി ബാരിക്കാട് പുതിയപുര തറവാട്ടില്‍ നടന്നു വരുന്നു. 25ന് ബപ്പിടലും 26 ന് ചൂട്ടൊപ്പിക്കലും തുടര്‍ന്ന് അന്ന് രാത്രി മറപിളര്‍ക്കലോടെ ജില്ലയിലെ ഈ വര്‍ഷത്തെ തെയ്യംകെട്ടുത്സവം സമാപിക്കും.
പാലക്കുന്ന് കഴുകത്തിലെ തെയ്യംകെട്ടുകള്‍
വൈവിദ്ധ്യ മികവില്‍ ഏറെ ശ്രദ്ധപിടിച്ചതായിരുന്നു പാലക്കുന്ന് കഴുകത്തില്‍ ഈ വര്‍ഷം സമാപിച്ച ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്ടിലെയും ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടിലെയും തെയ്യംകെട്ടു ഉത്സവങ്ങള്‍. ചേറ്റുകുണ്ടിലെ തെയ്യംകെട്ട് ഉത്സവ നാളില്‍ തന്നെ സംസ്ഥാന തിരഞ്ഞെടുപ്പും ജില്ലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചപ്പോള്‍ പലരും കടുത്ത ആശങ്കയിലായിരുന്നുവെങ്കിലും ഒരു ദൈവീക നിയോഗം പോലെ അവിടത്തെ തെയ്യംകെട്ടിന്റെ വിജയത്തിന് തിരഞ്ഞെടുപ്പും അനുകൂല ഘടകമായി മാറുകയായിരുന്നു.ആ പ്രദേശത്ത് നടന്ന ആദ്യത്തെ തെയ്യംകെട്ട് ഭംഗിയായി നടന്നുവെന്നതില്‍ ഉദയമംഗലം സുകുമാരന്‍ ചെയര്‍മാനായുള്ള ആഘോഷ കമ്മിറ്റിക്കും മീത്തല്‍ വീട് തറവാട്ടുകാര്‍ക്കും, ചേറ്റുകുണ്ട് പ്രാദേശിക സമിതിക്കും, നാട്ടുകൂട്ടായ്മകള്‍ക്കും അഭിമാനിക്കാന്‍ ഏറെ വകയുണ്ട്.
അതില്‍ നിന്ന് വ്യത്യസ്തമാണ് തല്ലാണി തറവാട്ടിലേത്. നാല് തെയ്യംകെട്ടുകള്‍ക്ക് ചെയര്‍മാനായും അതിലേറെ ഇടങ്ങളില്‍ വര്‍ക്കിംഗ് ചെയര്‍മാനായുമുള്ള അനുഭവ മികവില്‍ പാലക്കുന്ന് കഴകത്തില്‍ അഞ്ചാം തവണ തെയ്യം കെട്ടിന്റെ സാരഥിയാവാന്‍ അതേ പ്രാദേശിക സമിതിയിലെ സി.എച്ച്. നാരായണന്‍ ചെയര്‍മാന്‍ ആകുമെന്നതില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. വിളിപ്പാടകലെയാണ് തല്ലാണി തറവാട് ഭവനവുമായി അതിര് പങ്കിടുന്ന സി. എച്ച്. നാരായണന്റെ വീട്.
അതുകൊണ്ട് തന്നെ സദാനേരം അദ്ദേഹം തറവാട്ടിലായിരുന്നതും കമ്മിറ്റിയ്ക്ക് ഗുണകരമായി. പാലക്കുന്ന് കഴകത്തിലെ രണ്ടാമത്തെ വയനാട്ടുകുലവന്‍ തെയ്യം കെട്ടും ഏറെ ഭംഗിയായി പര്യവസാനിച്ച സന്തോഷത്തിലാണ് ബന്ധപ്പെട്ടവരും കഴക വാസികളും . ഭക്ഷണ വിതരണവും മറക്കള ദൃശ്യങ്ങള്‍ കണ്‍കുളിര്‍ക്കേ കാണാനുള്ള സൗകര്യങ്ങളും ഒത്തു വന്നാല്‍ തെയ്യം കെട്ടുകള്‍ പരിപൂര്‍ണ്ണ വിജയമാണെന്നാണ് ജനപക്ഷ മൂല്യനിര്‍ണയനം.തല്ലാണിയില്‍ മറക്കള കാഴ്ചകള്‍ ഭംഗിയായി കാണാന്‍ ഒരുക്കിയ ഗാലറിയില്‍ മാത്രം രണ്ടായിരത്തോളം പേര്‍ക്ക് ഇരിപ്പിട സൗകര്യം തല്ലാണി തറവാട് തെയ്യംകെട്ടിന്റെ ‘ഹൈലൈറ്റ്’ ആയിരുന്നു. എവിടെ തെയ്യം കെട്ടുണ്ടായാലും അവിടെയൊക്കെ എത്തുന്ന കാഞ്ഞങ്ങാട് ഭാഗത്തുനിന്നുള്ള ഒരു നാള്‍വര്‍ സംഘത്തെ കാണാന്‍ ഈ ലേഖകന് അവസരം കിട്ടി. ‘ഞങ്ങള്‍ ഇതുവരെ കണ്ട തെയ്യംകെട്ടുകളില്‍ കേമമല്ല, കെങ്കേമമാണ് തല്ലാണിയിലേത്. ഭക്ഷണം, മറക്കളത്തിലെ കണ്ടനാര്‍കേളന്റെ ബപ്പിടല്‍, വയനാട്ടുകുലവന്റെ ചൂട്ടൊപിക്കല്‍, അലങ്കാര വര്‍ണ്ണ തോരണങ്ങള്‍, സമാധാനപരമായ അന്തരീക്ഷം, ഇതെല്ലാം സമന്വയിച്ച തെയ്യംകെട്ട് ‘ എന്ന അവരുടെ അഭിപ്രായം മാത്രം മതി തല്ലാണി തെയ്യംകെട്ടിന്റെ വിജയത്തെ വിലയിരുത്താന്‍.