തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം! പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ക്കായി ഡിഎന്‍എ പരിശോധന

തൃശ്ശൂര്‍ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇതുവരെ 5 മൃതദേഹങ്ങളും 11 ശരീരഭാഗങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കഴിഞ്ഞുവെന്നും ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ. രാജന്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ നിന്നുള്ള പ്രത്യേക സംഘം തൃശ്ശൂരിലെത്തി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തൃശ്ശൂരില്‍ ഉറപ്പാക്കിയിട്ടുണ്ട്. നാല് സ്ഥലങ്ങളിലായി പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരികയാണ്. അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള അടിയന്തര ധനസഹായം സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള 13 പേരില്‍ 10 പേരും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ലൈസന്‍സിയായ സതീശന്റെയും പ്രവീണിന്റെയും നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിലുളള സതീശനെ കൂടാതെ പരിക്കേറ്റ മറ്റൊരാളെ ഇപ്പോള്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ്. വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഇതുവരെ 13 ജീവനുകളാണ് നഷ്ടമായത്. ഇതില്‍ ആറ് പേരെ മാത്രമാണ് നിലവില്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *