പ്രണയത്തില്‍ നിന്ന് പിന്മാറിയില്ല; മകളെ കൊന്ന് മുഖത്ത് ആസിഡൊഴിച്ച് പിതാവ്

ഉത്തര്‍പ്രദേശില്‍ പ്രണയബന്ധത്തിന്റെ പേരില്‍ പതിനാറുകാരിയെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. വന്ദന ചൗബേ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. സംഭവത്തില്‍ പിതാവ് വിജയ കുമാര്‍ ചൗബേയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വന്ദന കാമുകനൊപ്പം വീടുവിട്ടിറങ്ങിയിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ തിരികെ എത്തിക്കുകയും കാമുകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. തടവ് ശിക്ഷയ്ക്ക് ശേഷം നവംബറില്‍ പുറത്തിറങ്ങിയ കാമുകനുമായി വന്ദന ബന്ധം തുടര്‍ന്നു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ പിതാവ് പലതവണ ആവശ്യപ്പെട്ടെങ്കിലും വന്ദന തയ്യാറായില്ല. ഇതാണ് കൊലപാതകത്തിന് പദ്ധതിയിടാന്‍ വിജയ കുമാറിനെ പ്രേരിപ്പിച്ചത്.

സുഹൃത്തായ അബ്ദുല്‍ മന്നാനുമായി ചേര്‍ന്നാണ് വിജയ കുമാര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. ഏപ്രില്‍ 13-ന് ബാധ ഒഴിപ്പിക്കാന്‍ എന്ന വ്യാജേന വന്ദനയെ കാറില്‍ രാജസ്ഥാനിലേക്ക് കൊണ്ടുപോയി, ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് ആസിഡ് ഒഴിച്ചു. മൃതദേഹം കനാലില്‍ ഉപേക്ഷിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും ആളുകളെ കണ്ട് ഭയന്ന് വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തിരികെ നാട്ടിലെത്തിയ പിതാവ്, മകളെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കി സ്വയം രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പിതാവിന്റെ പങ്ക് വ്യക്തമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *