ആലപ്പുഴ: വേമ്പനാട്ടു കായലിലെ മലിനീകരണം തടയുന്നതിന്റെ ഭാഗമായി കടുപ്പമേറിയ നടപടികളുമായി തുറമുഖ വകുപ്പ്. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോ കൃത്യമായ സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാത്ത ഹൗസ്‌ബോട്ടുകള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കി. മാലിന്യം പൂര്‍ണ്ണമായും സംസ്‌കരിക്കാത്ത ബോട്ടുകള്‍ ഏപ്രില്‍ 19-ന് ശേഷം സര്‍വീസ് നടത്തരുതെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഈ നീക്കം.
പരിശോധനയുടെ ആദ്യഘട്ടത്തില്‍ രേഖകളില്ലാത്ത ഒരു ഹൗസ്‌ബോട്ട് അധികൃതര്‍ പിടിച്ചെടുത്ത് യാര്‍ഡിലേക്ക് മാറ്റി. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ച് പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. വേമ്പനാട് തടാകവും പുന്നമട കായലും കടുത്ത പാരിസ്ഥിതിക ഭീഷണി നേരിടുകയാണെന്നും, ഹൗസ്‌ബോട്ടുകളുടെ എണ്ണം കായലിന് താങ്ങാവുന്നതിലുമപ്പുറമാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ബോട്ടുകളില്‍ നിന്നുള്ള മാലിന്യം കായല്‍ ജലത്തിന്റെ നിറം പോലും മാറ്റുന്ന അവസ്ഥയിലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പഴയ ബോട്ടുകളില്‍ പുതിയ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാവകാശം വേണമെന്ന് ബോട്ട് ഉടമകള്‍ ആവശ്യപ്പെട്ടു. ശുചിമുറി മാലിന്യത്തിന് പുറമെ അടുക്കളയിലെ മലിനജലം കൂടി സംസ്‌കരിക്കാന്‍ ‘നിസ്റ്റ്’ സഹകരണത്തോടെ വികസിപ്പിച്ച പുതിയ ‘ബയോ ഡൈജസ്റ്റീവ് സിസ്റ്റം’ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യ പൂര്‍ണ്ണമായി സജ്ജമാക്കാന്‍ ആറുമാസത്തെ സമയം അനുവദിക്കണമെന്ന് ഉടമകളുടെ സംഘടന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ സി ബ്ലോക്കില്‍ പുതിയ എസ്ടിപി പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.