ഇന്‍സ്റ്റാഗ്രാം സൗഹൃദം കെണിയായി; 19-കാരനെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിയും സുഹൃത്തും പിടിയില്‍

ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് 19-കാരനെ ഹണിട്രാപ്പില്‍ കുടുക്കി മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റിലായി. ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരെയാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്. കീഴ്തോന്നയ്ക്കല്‍ സ്വദേശിയായ ജിനു (19) ആണ് അക്രമത്തിന് ഇരയായത്.

സൂര്യ ഇന്‍സ്റ്റാഗ്രാമിലൂടെ ജിനുവുമായി സൗഹൃദം സ്ഥാപിക്കുകയും കഴിഞ്ഞ 18-ന് യുവാവിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. അവിടെ എത്തിയ ജിനുവിനെ സൂര്യയുടെ സുഹൃത്തുക്കള്‍ സ്‌കൂട്ടറില്‍ നിര്‍ബന്ധിച്ച് കയറ്റി സംഗീത നഗറിലെ ആളൊഴിഞ്ഞ കുളത്തിനടുത്ത് എത്തിച്ചു. അവിടെ വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

യുവാവിന്റെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണും, എസ്.ബി.ഐ യോനോ ആപ്പ് വഴി നിര്‍ബന്ധിച്ച് 10,000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയും മറ്റൊരു നമ്പറിലേക്ക് 2500 രൂപ നിര്‍ബന്ധിപ്പിച്ച് അയപ്പിക്കുകയും ചെയ്തു. യുവാവിന്റെ പരാതിയില്‍ കേസെടുത്ത ശ്രീകാര്യം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *