മദ്യപാനത്തെച്ചൊല്ലി വഴക്ക്; ഭാര്യയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

സെക്ടര്‍ 9-ലെ അംബേദ്കര്‍ നഗറില്‍ ടാക്‌സി ഡ്രൈവറായ ദീപക് കുമാര്‍ (33) ഭാര്യ സോനം ബായിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശികളായ ഇരുവരും എട്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. എന്നാല്‍ ദീപക്കിന്റെ കടുത്ത മദ്യപാനവും ഇതേച്ചൊല്ലിയുള്ള നിരന്തര വഴക്കുകളും ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. വഴക്കിനെത്തുടര്‍ന്ന് ഒരു മാസം മുമ്പ് ദീപക് മാറി താമസിച്ചിരുന്നെങ്കിലും ഏപ്രില്‍ 18ന് വീട്ടിലെത്തി സോനവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൊലപാതകം നടത്തുകയുമായിരുന്നു. ശ്വാസം മുട്ടിച്ചതിന്റെ പാടുകള്‍ സോനത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വീട്ടിലുണ്ടായിരുന്ന ആറുവയസ്സുകാരനായ മകന്റെ മുന്നില്‍ വെച്ചാണ് ദാരുണമായ സംഭവങ്ങള്‍ നടന്നതെന്നാണ് സൂചന. സോനത്തിന്റെ സഹോദരി അമൃത ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് അടുക്കളയില്‍ സഹോദരിയുടെ മൃതദേഹവും മറ്റൊരു മുറിയില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ദീപക്കിനെതിരെ കൊലപാതകത്തിന് കേസെടുത്ത പോലീസ് എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *