പാലക്കുന്ന്: ഉച്ചസ്ഥായിയിലായ ചെണ്ട മേള ഘോഷത്തിനോടൊപ്പം കണ്ടനാര്‍ കേളന്‍ ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട് മറക്കളത്തില്‍ നിറഞ്ഞാടിയപ്പോള്‍ കണ്ടുനിന്ന ആയിരങ്ങള്‍ക്ക് അത് സുകൃത പുണ്യമായി. ഭക്ത്യാവേശത്തില്‍ വെളിച്ചപ്പാടുകളും ആര്‍പ്പുവിളികളോടെ ഭക്തരും കുലവന്റെ ചങ്ങാതിയായ കേളന്റെ സാന്നിധ്യം ആഘോഷമാക്കി. തറവാട്ടിലെത്തിയ മുഴുവന്‍ ഭക്തര്‍ക്കും അനായാസം കേളന്റെ നൃത്തവും ബപ്പിടല്‍ ചടങ്ങും കാണാന്‍ മറക്കളത്തിനരികെ ആഘോഷ കമ്മിറ്റി സ്ഥാപിച്ച ഇരിപ്പിടതട്ട് (ഗാലറി) സജ്ജമാക്കിയത് ജനത്തിരക്ക് നിയന്ത്രണ വിധേയമാക്കി.
പുലര്‍ച്ചെ മുതല്‍ പൊട്ടന്‍ തെയ്യം, കുറത്തിയമ്മ, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡിയമ്മ, രാജരാജ ഗുളികന്‍ തെയ്യങ്ങള്‍ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി പിരിഞ്ഞു. കണ്ടനാര്‍ കേളന്‍ മറക്കളത്തിലെത്തും മുന്‍പേ കാര്‍ന്നോന്‍ , കോരച്ചന്‍ തെയ്യങ്ങളുടെ വെള്ളാട്ടവുമുണ്ടായിരുന്നു.
രാത്രി വിഷ്ണുമൂര്‍ത്തിയുടെ തുടങ്ങലും തുടര്‍ന്ന് വയനാട്ടുകുലവന്റെ വെള്ളാട്ടവും ഉണ്ടായി.
വയനാട്ടുകുലവന്റെ ചൂട്ടൊപ്പിക്കലും ബോനം കൊടുക്കലും ഇന്ന് (19)
വൈകുന്നേരം 3 മണിക്ക് ശേഷമാണ് വയനാട്ടുകുലവന്‍ തെയ്യം മറക്കളത്തിലെത്തുക. പൊയ്ക്കണ്ണിന്റെ നേരിയ വെളിച്ചത്തില്‍ വയനാട്ടുകുലവന്റെ ചടുല നൃത്തം കാണാന്‍ ആയിരങ്ങള്‍ ഇന്ന് തല്ലാണി തറവാട്ടില്‍ എത്തും. വേഷത്തിലും നൃത്തത്തിലും അനുഷ്ഠാനങ്ങളിലും വട്ട മുടിയും അരയാടയും പൊയ്ക്കണ്ണും വെള്ള താടിയും കന്നക്കത്തിയും മുളയമ്പം മുളവില്ലുമായാണ് കുലവന്റെ മറക്കളത്തിലേക്കുള്ള വരവ് . ബോനം കൊടുക്കലും ചൂട്ടൊപ്പിക്കലുമാണ് പ്രധാന ചടങ്ങുകള്‍. കുലവനുമായുള്ള സൗഹൃദത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ബോനം കൊടുക്കല്‍. തന്റെ ഉറ്റ ചങ്ങാതിയായ കുഞ്ഞാലിയെ രാജകോപത്തില്‍ നിന്ന് രക്ഷിച്ചതിന്റെ പ്രത്യുപകാരമായി മധുപ്രിയനായ കുലവന് മറ്റാരും കാണാതെ തലയില്‍ മുണ്ടിട്ട് കള്ള് നല്‍കിയ കഥയാണിത്.
കത്തിച്ച മുളച്ചൂട്ട് വെളിച്ചപ്പാടിന്റെ സഹായത്തോടെ അതിനായി നിയുക്തനായ തറവാട്ടു കാര്‍ണവര്‍ കുട്ട്യന്‍ കടപ്പുറം കുലവന് കൈമാറും. ചൂട്ടുമായി ചെണ്ടയുടെ താളത്തില്‍ ചുവടൊപ്പിച്ചുള്ള കുലവന്റെ നൃത്തം കാണാന്‍ ഭക്തര്‍ക്ക് ആവേശമാണ് . ഈ ചൂട്ട് കൊട്ടിലകത്ത് സമര്‍പ്പിക്കും.തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടിന് ശേഷം മറപിളര്‍ക്കല്‍ ചടങ്ങും വിളക്കിലരിയും കൈവിതും നടത്തി പാലക്കുന്ന് കഴകത്തിലെ ഈ വര്‍ഷത്തെ അവസാനത്തെ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് സമാപനം കുറിക്കും.