പാലക്കുന്ന്: വിവിധ സ്റ്റേഷനുകളിലെ പരിശോധനയുടെ ഭാഗമായി മംഗളൂരില്‍ നിന്ന് കോട്ടിക്കുളം റയില്‍വേ സ്റ്റേഷനില്‍ എത്തിയ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡി ആര്‍ എം) മധുക്കര്‍ റൗട്ട് ന് വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.

ഉദുമ ഗ്രാമ പഞ്ചായത്ത്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം, കോട്ടിക്കുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍, പാലക്കുന്ന് ലയണ്‍സ് ക്ലബ്, കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്, പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി,വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകള്‍ പ്രത്യേകമായി നിവേദനങ്ങള്‍ സമര്‍പ്പിച്ചു . ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന പരശുറാം, ഏറനാട്, ബാംഗ്‌ളൂര്‍-കോഴിക്കോട് യശ്വവന്ത്പൂര്‍ എക്‌സ്പ്രസുകള്‍ക്ക് സ്റ്റോപ്പ്, റിസര്‍വേഷന്‍ കൗണ്ടര്‍ പുനരാരംഭിക്കുക , പ്ലാറ്റുഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാതയുടെ ഇരു ഭാഗത്തും ലിഫ്റ്റ് അനുവദിക്കുക തുടങ്ങിയ പരാതികള്‍ ഡിആര്‍എം ന്റെ ശ്രദ്ധയില്‍ പെടുത്തി. രാവിലെ 9.40ന് മംഗ്ലൂര്‍ ഭാഗത്തേക്കും 10.08ന് തിരുവനന്തപുരം ഭാഗത്തേക്കും ട്രെയിനുകള്‍ പോയാല്‍ ഇരു ഭാഗത്തെക്കും അടുത്ത ട്രെയിന്‍ കിട്ടാന്‍ അഞ്ചിലേറെ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോള്‍. ജില്ലയിലെ ഗ്രേഡ് കുറഞ്ഞ എല്ലാ സ്റ്റേഷനുകളുടെയും സ്ഥിതിയാണിത്. നീണ്ട ഈ വിടവില്‍ കണ്ണൂര്‍-മംഗ്ലൂര്‍, മംഗ്ലൂര്‍ -കണ്ണൂര്‍ മേമു സര്‍വീസുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.