മറക്കളത്തില്‍ തിരിതെളിഞ്ഞു :കണ്ടനാര്‍ കേളന്‍ ഇന്ന് അരങ്ങിലെത്തും

പാലക്കുന്ന്: ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ട് മണ്ണില്‍ ഇന്നാദ്യമായി കണ്ടനാര്‍ കേളന്റെ പാദസ്പര്‍ശമേല്‍ക്കും. അതിന് മുന്നോടിയായി വെള്ളിയാഴ്ച സന്ധ്യയ്ക്ക് ശേഷം മറക്കളത്തില്‍ ദീപം തെളിയിച്ചു. തോറ്റം പാടിയ ശേഷം പാലക്കുന്ന് കഴകം ക്ഷേത്ര സ്ഥാനികര്‍ സന്നിഹിതരായ ഭക്തരുടെ സാനിധ്യത്തില്‍ തെയ്യംകെട്ടിനുള്ള കോലധാരികളെ പ്രഖ്യാപിച്ചു. ശിവപ്രസാദ് പള്ളഞ്ചി കണ്ടനാര്‍ കേളന്റെയും ജയന്‍ കുറ്റിക്കോല്‍ വയനാട്ടുകുലവന്റെയും കോലമണിയും. അരവിന്ദന്‍ കാസര്‍കോട്(വിഷുമൂര്‍ത്തി), ഗംഗാധരന്‍ നാരമ്പാടി (വയനാട്ടുകുലവന്‍) എന്നിവരാണ് കര്‍മികള്‍.

രാത്രി വയനാട്ടുകുലവന്റെയും തറവാട് തെയ്യത്തിന്റെയും തെയ്യംകൂടല്‍ നടന്നു. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെയും , പടിഞ്ഞാറ്റ ചാമുണ്ഡിയുടെയും കുറത്തിയമ്മയുടെയും തിടങ്ങലും പൊട്ടന്‍ തെയ്യത്തിന്റെ തോറ്റവും പൂര്‍ത്തിയാക്കി.

ഇന്ന് തറവാട് സന്നിധിയില്‍:
പുലര്‍ച്ചെ 3ന് പൊട്ടന്‍ തെയ്യവും 5ന് കുറത്തിയമ്മയും അരങ്ങിലെത്തി. 10ന് വിഷ്ണുമൂര്‍ത്തിയും തുടര്‍ന്ന് പടിഞ്ഞാറ്റ ചാമുണ്ഡിയും ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. 2നാണ് രാജരാജ ഗുളികന്റെ പ്രവേശം. 4ന് കാര്‍ന്നോന്‍ തെയ്യത്തിന്റെയും തുടര്‍ന്ന് കോരച്ചന്‍ തെയ്യത്തിന്റെയും വെള്ളാട്ടത്തിന് ശേഷം കണ്ടനാര്‍ കാളന്‍ തെയ്യത്തിന്റെ വെള്ളാട്ടവും തുടര്‍ന്ന് ബപ്പിടല്‍ ചടങ്ങും നടക്കും. 11 ന് വിഷ്ണുമൂര്‍ത്തിയുടെ തുടങ്ങലും 12 ന് വയനാട്ടുകുലവന്റെ വെള്ളാട്ടവും അരങ്ങിലെത്തും. പാലക്കുന്ന് കഴകത്തിലെ പ്രാദേശിക സമിതികളില്‍ ചിറമ്മല്‍ പ്രാദേശിക സമിതിയില്‍ 12 വയനാട്ടുകുലവന്‍ തറവാടുകളാണുള്ളത്. അതില്‍ പകുതിയിലും തെയ്യംകെട്ട് ഉത്സവം നടന്നുവെന്ന മികവ് ഈ പ്രാദേശിക സമിതിയുടെ പേരില്‍ കുറിക്കപ്പെടും.

വ്യാഴാഴ്ച രാത്രി മറക്കളത്തിന് സമീപം ഒരുക്കിയ വേദിയില്‍ ചിറമ്മല്‍ പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മെഗാ തിരുവാതിര കളിയുടെ നിലവിളക്കില്‍ ആദ്യ തിരി കൊളുത്തി പ്രദേശത്തെ പ്രായം കൂടിയ വി.വി. ഹൗസിലെ കെ. വി. വെള്ളച്ചിഅമ്മ ഉദ്ഘാടനം ചെയ്തു. പുറമെ നിന്നുള്ള പരിചരണമില്ലാതെ 10 മക്കള്‍ക്കും ഒരേമുറിയില്‍ ജന്മം നല്‍കിയ വെള്ളച്ചിഅമ്മയ്ക്ക് ഏതാനും ദിവസം മുന്‍പാണ് 100 തികഞ്ഞത്. തറവാട് മൂപ്പത്തി കാര്‍ത്യായനിയും, നാരായണി തല്ലാണിയും ലത ഗംഗാധരനും ജയശ്രീ ശ്രീധരനും ചേര്‍ന്ന് മറ്റു തിരികള്‍ കൊളുത്തിയ ശേഷമാണ് തിരുവാതിര കളി തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *