മണ്ണെണ്ണ വിലയില്‍ വന്‍ വര്‍ധന! ഇരട്ടി പ്രഹരമേറ്റ് തീരദേശം

ചൂട് വര്‍ധിച്ചതോടെ മത്സ്യങ്ങള്‍ ആഴക്കടലിലേക്ക് നീങ്ങുന്നതിനാല്‍ വള്ളങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധന ഉപഭോഗവും ചെലവും വീണ്ടും വര്‍ധിപ്പിക്കുന്നു

മണ്ണെണ്ണയുടെ വില കുത്തനെ ഉയര്‍ന്നതോടെ കേരളത്തിലെ മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയിലായി. ലിറ്ററിന് 103 രൂപയായിരുന്ന മണ്ണെണ്ണയ്ക്ക് 52.37 രൂപ വര്‍ധിച്ച് 155.37 രൂപയായി. സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരമുള്ള പതിനാലായിരത്തോളം എന്‍ജിനുകള്‍ക്ക് മത്സ്യഫെഡ് വഴി സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുന്നുണ്ട്. വലിയ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് പ്രതിദിനം ശരാശരി 40,000 രൂപയോളം ഇന്ധനത്തിനായി മാത്രം ചെലവാകുന്നുണ്ട്. ചൂട് വര്‍ധിച്ചതോടെ മത്സ്യങ്ങള്‍ ആഴക്കടലിലേക്ക് നീങ്ങുന്നതിനാല്‍ വള്ളങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധന ഉപഭോഗവും ചെലവും വീണ്ടും വര്‍ധിപ്പിക്കുന്നു.
മണ്ണെണ്ണ സബ്സിഡി തുക 50 രൂപയാക്കി ഉയര്‍ത്തിയെങ്കിലും നിലവിലെ വിലവര്‍ധനവ് ഇതിന്റെ ഗുണം ഇല്ലാതാക്കിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് മത്സ്യബന്ധന മേഖലയെ സംരക്ഷിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു. ഇന്ധനവില നിയന്ത്രിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ തീരപ്രദേശം പട്ടിണിയിലാകുമെന്നും വള്ളങ്ങള്‍ കടലിലിറക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും തൊഴിലാളി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *